photo
നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ സന്ദർശിക്കുന്ന മന്ത്രി കെ.കെ. ഷൈലജ

കൊച്ചി: നാടിനെയാകെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ നിപ രോഗത്തിന്റെ മരണക്കയത്തിൽ നിന്നാണ് ജീവിതത്തിലേക്കു തിരിച്ചുവന്നതെന്നറിയാതെ എൻജിനിയറിംഗ് വിദ്യാർത്ഥി ഇന്നലെ ആഹ്ളാദത്തോടെ രക്ഷിതാക്കൾക്കൊപ്പം ആശുപത്രിയുടെ പടികളിറങ്ങി.

പനി കടുത്ത് അബോധാവസ്ഥയിലാണ് 54 ദിവസം മുമ്പ് യുവാവിനെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. രോഗം ഭേദമായെങ്കിലും നിപ ബാധിച്ച കാര്യം യുവാവിനോട് പറഞ്ഞിട്ടില്ല. വീട്ടിലെത്തിയ ശേഷം സാവധാനത്തിൽ മകനെ കാര്യങ്ങൾ അറിയിച്ചാൽ മതിയെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. മറ്റൊരു ആശുപത്രിയിലെ ജീവനക്കാരിയായ അമ്മയാണ് യുവാവിന്റെ പരിചരണം മുഴുവൻ ഏറ്റെടുത്തു നിർവഹിച്ചത്.

നിപ സ്ഥിരീകരിച്ച ദിവസം മുതൽ ഒരാഴ്ചക്കാലം കൊച്ചിയിൽ താമസിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ യുവാവിനെ യാത്രയാക്കാൻ ഇന്നലെ രാവിലെ ആശുപത്രിയിലെത്തി. അവർ യുവാവിനോട് സംസാരിച്ചു. വീട്ടുകാരുമായി ആഹ്ളാദം പങ്കുവച്ചു.

എറണാകുളം നിപ വിമുക്ത ജില്ല

യുവാവ് ആശുപത്രി വിട്ടതോടെ എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. നിപ പ്രതിരോധ യജ്ഞത്തിൽ പങ്കാളികളായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സ്വകാര്യ ആശുപത്രി ഡോക്ടർമാർ, ജീവനക്കാർ, മുൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അനുമോദിച്ചു. നിപ പ്രതിരോധ പ്രവർത്തനം നടത്തിയവരുടെ സംഗമം ആഗസ്റ്റ് നാലിന് എറണാകുളം മെഡിക്കൽ കോളേജിൽ സംഘടിപ്പിക്കും.

നിപ മെഡിക്കൽ ബുള്ളറ്റിൻ പ്രകാശനം ആസ്റ്റർ മെഡ്സിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ മന്ത്രിക്ക് നൽകി നിർവഹിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ്, ആസ്റ്റർ മെഡ്സിറ്റി ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ഡോ. ഹരീഷ് പിള്ള, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കമാൻഡർ ജെൻസൺ എ. കവലക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.