വൈപ്പിൻ: കഴിഞ്ഞ 8 മാസക്കാലമായി കടലിൽ മത്സ്യലഭ്യത ഇല്ലാതെയായിട്ട് പരമ്പരാഗത മേഖലയിലെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായ സാഹചര്യത്തിലും 2019ലെ ഫിഷറീസ് മറൈൻ റെഗുലേഷൻ ആക്ട് അനുസരിച്ച് രജിസ്‌ട്രേഷൻ ഫീസ്, ലൈസൻസ് ഫീസ് എന്നിവയിൽ അടുത്തകാലത്ത് വൻ വർദ്ധനവ് വരുത്തി. പുതിയ നിയമപ്രകാരം 20 മീറ്റിനു മുകളിലുള്ള യാനങ്ങൾക്ക് അൻപതിനായിരം രൂപ മുതൽമുടക്കി പെർമ്മിറ്റ് എടുക്കണം എന്നതും കൂടി ആക്ടിൽ വരുത്തിയിട്ടുണ്ട്. 80,000/- രൂപയോളം അടച്ചെങ്കിൽ മാത്രമേ പരമ്പരാഗത മേഖലയിലെ ഇൻബോർഡ് വള്ളങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കുവാൻ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയായി. ഇക്കാര്യങ്ങൾ ഫിഷറീസ് മന്ത്രിയെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയിരുന്നു. അടുത്തു തന്നെ നിയമത്തിൽ ഭേദഗതി വരുത്തിത്തരാമെന്ന് ഫിഷറീസ് മന്ത്രി ഉറപ്പു നൽകിയിരുന്നു. വൈപ്പിൻ ഗോശ്രീപുരം ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനത്തിന് ഫണ്ട് നൽകുക, നിരോധിച്ച പെലാജിക്ക് വല ട്രോളിംഗ് ബോട്ടുകളിൽ ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുക, പുതുക്കിയ ലൈസൻസ് രജിസ്‌ട്രേഷൻ ഫീസ് പിൻവലിക്കുക, പെർമ്മിറ്റ് എടുക്കണമെന്ന പുതിയ നിയമം പരമ്പരാഗത മേഖലയിൽനിന്നും എടുത്തുകളയുക എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ എല്ലാ സഹകരണ സംഘങ്ങളേയും, മത്സ്യത്തൊഴിലാളികളേയും, അനുബന്ധ തൊഴിലാളികളേയും അണിനിരത്തി ആഗസ്റ്റ് 1ന് രാവിലെ വൈപ്പിൻ ഗോശ്രീ ജംഗ്ഷനിലേക്ക് മാർച്ചും റോഡിൽ കുത്തിയിരിപ്പ് സമരവും റോഡ് പിക്കറ്റിംഗും നടത്തും. ആഗസ്റ്റ് 16 മുതൽ സഹകരണ സംഘങ്ങൾക്കും മത്സ്യഫെഡിനും കൊടുത്തുവരുന്ന കാച്ചിങ്ങിന്റെ വിഹിതം (നാല് ശതമാനം അധിക തുക) ഇനിമുതൽ കൊടുക്കേണ്ടതില്ലായെന്നും ഇക്കാര്യങ്ങൾക്ക് നിയമഭേദഗതി വരുത്തുന്നതുവരെ ഔട്ട്‌ബോർഡ് എഞ്ചിനുകളുടെ പെർമ്മിറ്റ് വെരിഫിക്കേഷൻ മാറ്റിവക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.