കെ.കെ. രത്‌നൻ
വൈപ്പിൻ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ വെള്ളം ചേർക്കൽ. ജില്ലയിൽ പറവൂർ, വടക്കേക്കര, ചിറ്റാറ്റുകര, കുന്നുകര, കരുമാല്ലൂർ, ആലുവ, നെടുമ്പാശ്ശേരി, മൂവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളിൾ ദുരിതം അനുഭവിക്കുന്നത് നിരവധി പേരാണ്. സർക്കാരിന്റെ ' റീ ബിൽഡിംഗ് പദ്ധതികൾ' പ്രയോജനപ്പെടുത്തേണ്ടത് ഇവിടങ്ങളിലാണ്. എന്നാൽ വെള്ളം ഒഴുകിവന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ലാത്ത പ്രദേശങ്ങളും ജില്ലയിലുണ്ട്. ഇത്തരം പ്രദേശങ്ങളിലൊന്നാണ് വൈപ്പിൻ.
മിക്ക പഞ്ചായത്തുകളിലും 5000 മുതൽ 7000 വരെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലാത്തവർ ഇതിന്റെ പങ്ക് പറ്റാൻ ശ്രമിക്കുകയാണ്.പ്രളയകാലത്ത് ജനങ്ങളിലുണ്ടായ പൗരബോധമോ ഐക്യബോധമോ ത്യാഗമനഃസ്ഥിതിയോ ഇപ്പോഴില്ല.
കഴിഞ്ഞ മാസം 31 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹരെ നിശ്ചയിക്കുന്ന തിരക്കിലാണിപ്പോൾ ഉദ്യോഗസ്ഥർ. തദ്ദേശസ്ഥാപനങ്ങളിലെ മരാമത്ത് ഉദ്യോഗസ്ഥരും റവന്യൂ ജീവനക്കാരുമാണ് പരിശോധന നടത്തുന്നത്. സ്ഥലപരിചയമില്ലാത്ത ഇവരെ സഹായിക്കാൻ പഞ്ചായത്ത് അംഗങ്ങൾ,ബി.എൽ.ഒ.മാർ എന്നിവരിൽ ആരെങ്കിലും കൂടെയുണ്ടാകും. എന്നാൽ അർഹതയുടെ നിജസ്ഥിതി ഉദ്യോഗസ്ഥരെ അറിയിക്കാൻ ഇവർ തയ്യാറില്ല. സഹായം ലഭിച്ചില്ലെങ്കിൽ നാട്ടുകാർ തങ്ങൾക്കെതിരാകും എന്ന ഭീതിയാണ് കാരണം. ഇക്കാര്യത്തിൽ കക്ഷി വ്യത്യാസമൊന്നുമില്ല. അർഹതയുള്ള കുറച്ചു പേർക്കും അനർഹരായഏറെ പേർക്കും ദുരിതാശ്വാസത്തിന് നീക്കി വച്ച തുക പങ്കിട്ട് പോകും എന്നതാണ് അവസാന ഫലം. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗമായ സി.ജി. ബിജു പരസ്യമായി തന്നെ പൊതുജനങ്ങളുടെ ദുരക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുക്കുന്നവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.