വൈപ്പിൻ : വൈപ്പിനിലെ ആദ്യത്തെ കേരളശ്രീയായ വൈപ്പിൻ രാജനെ ഇന്ത്യൻ സ്‌പോർട്ട്‌സ് സെന്റർ ആദരിച്ചു. വൈപ്പിൻ സ്‌പോർട്ട്‌സ് സെന്ററിൽ ആരംഭിച്ച മൾട്ടി ജിമ്മിന്റെ ഉദ്ഘാടന വേളയിലാണ് ആദരിച്ചത്. പൊലീസ് സൂപ്രണ്ട് വി. സുനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ. ജോഷി വൈപ്പിൻ രാജനെ ആദരിച്ചു. 65 കിലോഗ്രാം വിഭാഗത്തിൽ കേരള ചാമ്പ്യനായ പ്രതീഷ്, ഹാഫ് മാരത്തണിൽ ഇന്ത്യൻ സ്‌പോർട്ട്‌സ് സെന്ററിനെ പ്രതിനിധീകരിച്ച് വിജയിച്ച അതുൽ ജോഷി, ജില്ലാ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ അണ്ടർ നയൺ വിഭാഗത്തിൽ ചാമ്പ്യനായ സ്‌പോർട്ട്‌സ് സെന്റർ ക്യാമ്പംഗം അലക്‌സാണ്ടർ നിയാൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സെന്റർ ചെയർമാൻ അജിത് മങ്ങാട്ട് അദ്ധ്യക്ഷനായി. ഞാറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. ലാലു, അംഗം മിനി രാജു, എക്‌സീക്യൂട്ടീവ് ഡയറക്ടർ ഹാരി റാഫേൽ, മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ് എന്നിവർ സംസാരിച്ചു.