old-paravur-marapalam
കുടിവെള്ള പൈപ്പ് പോകുന്ന അപകടാവസ്ഥയിലായ പഴയ പറവൂ‌ർ മരപ്പാലം,.

പറവൂർ : പൈപ്പുകൾ താങ്ങിനിറുത്തുന്ന പാലങ്ങളുടെ ബലക്ഷയം ആരും പരിശോധിക്കാറില്ല. പക്ഷേ ഈ മരപ്പാലത്തിന്റെ ആയുസ് പരിശോധിക്കാതായാൽ അൻപതിനായരത്തിലധികം പേരുടെ കുടിവെള്ളം മുട്ടാൻ സാധ്യതയുണ്ട്. തീരദേശ മേഖലയായതിനാൽ കൂടുതൽ പ്രദേശത്തും ഉപ്പുവെള്ളമാണ്. ഒരുകാലത്ത് ആളുകളും വാഹനങ്ങളും സഞ്ചരിച്ചിരുന്ന പഴയ പറവൂർ പാലമാണ് അപകടാവസ്ഥയിലുള്ളത്. സമീപത്ത് പുതിയ കോൺക്രീറ്റ് പാലം വന്നശേഷമാണ് മരപ്പാലത്തിലൂടെ പൈപ്പ് ലൈൻ ഇട്ടത്. പൈപ്പിടാൻ കൂടുതൽ സൗകര്യം ഇതിലൂടെയായിരുന്നു. കോൺവെന്റ് റോഡിന്റെയും ദേശീയപാതയുടെയും അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് പൊട്ടുന്നത് പതിവാണ്. വാഹനങ്ങൾ കയറുന്ന സാഹചര്യമില്ലാത്തതിനാലാണ് മരപ്പാലത്തിനു മുകളിലെ ഭാഗത്തു പ്രശ്നങ്ങൾ ഉണ്ടാകാത്തത്. കാലപ്പഴക്കമുള്ള പൈപ്പ് മാറ്റിയിടണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ടെങ്കിലും ജല അതോറിറ്റി അധികാരികൾ നടപടിയെടുത്തിട്ടില്ല. ദേശീയപാത അധികൃതരുടെ അനുമതിയും നീളുന്നത് പുതിയ പൈപ്പിടൽ വൈകുന്നതിന് മറ്റൊരു കാരണമാണ്. മരപ്പാലത്തിന്റെ അപകടാവസ്ഥ മുന്നിൽക്കണ്ടു പൈപ്പ് മാറ്റിയിടുന്നതിനോ പാലം ബലപ്പെടുത്തുന്നതിനോ ആവശ്യമായ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

പാലം അപകടാവസ്ഥയിൽ

#കാലപ്പഴക്കത്താൽ മരപ്പാലത്തിലെ പലകകൾ ദ്രവിച്ച് ഇളകിയിരിക്കുന്നു.

# പാലത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് തൂണുകൾ തുരുമ്പിച്ച നിലയിലാണ്.

#പാലത്തിന്റെ മധ്യഭാഗം ബലക്ഷയം കൊണ്ട് അൽപം താഴേക്ക് ഇരുന്നിട്ടുണ്ട്.

ആശങ്കയിൽ

#ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തിലെ ജനങ്ങൾ ദുരിതത്തിൽ

#ഏക ആശ്രയം പൈപ്പിലൂടെ വരുന്ന ഈ ജലം.

#പാലം തകർന്നാൽ പൈപ്പ് പൊട്ടും.

#പുതിയ പൈപ്പ് ലൈൻ പുനസ്ഥാപിക്കണമെങ്കിൽ ആഴ്ചകൾ എടുക്കും.

#അത്രനാൾ രണ്ടു പഞ്ചായത്തുകളിൽ കുടിവെള്ളം മുട്ടും.