കെ.രാജേഷ്

പറവൂർ:നഗരസഭ പ്രദേശത്തെ ചില വീടുകളിൽ ലൈസൻസ് ഇല്ലാതെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതായി പരാതി. നഗരസഭ പത്താം വാർഡ് വെടിമറയിലെ ഒരു വീട്ടിലെ അനധികൃത കശാപ്പിനെതിരെ പ്രദേശവാസികളായ 21 പേർ ഒപ്പിട്ട പരാതി നഗരസഭ സെക്രട്ടറി, കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, ആർ.ഡി.ഒ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് നൽകി. വീടിന്റെ മുന്നിൽ കന്നുകാലികളെ കെട്ടിയിടുകയും അറക്കുകയും ചെയ്യുന്നുണ്ടെന്നും അറവുമാടുകളുടെ അവശിഷ്ടങ്ങൾ വഴിയിലിടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. വീടുകളുടെ മുന്നിൽചോര കെട്ടിക്കിടക്കുന്നത് മഴവെള്ളത്തിലൂടെ ഒഴുകുന്നത് കൊതുകുകളുടെയും മറ്റു പ്രാണികളുടെയും പെരുകുന്നതിന് കാരണമാകുന്നു. ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കശാപ്പ് ഏറെ നടക്കുന്നത്. പുലർച്ചെ 3 മുതൽ 6 വരെയുള്ള സമയത്തു കശാപ്പ് നടത്തി അവശിഷ്ടങ്ങൾ ഉപേക്ഷിച്ചു മാംസം മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽപന നടത്തുകയാണ് ചെയ്യുന്നത്. എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു. വാർഡ് കൗൺസിലർ നബീസ ബാവ ജനങ്ങളുടെ പരാതി കഴിഞ്ഞ നഗരസഭ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

---------------------------------------------------------------------

#വീടുകളിൽ അനധികൃത കശാപ്പ്

പഷ്ണിത്തോട്ടിൽ അറുമാലിന്യങ്ങൾ തള്ളുന്നു

അറവുമാലിന്യ അവശിഷ്ടങ്ങൾ പഷ്ണിത്തോട്ടിൽ തള്ളുന്നതു പതിവാകുന്നു. കോഴിയുടെയും കന്നുകാലികളുടെയും അവശിഷ്ടങ്ങൾ ചാക്കിൽക്കെട്ടി തോട്ടിലൂടെ ഒഴുക്കിവിടുകയാണ്. പള്ളിത്താഴം, പെരുവാരം, കിഴക്കേപ്രം, വാണിയക്കാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തോട്ടിലൂടെ മാലിന്യം ഒഴുകിപ്പോകുന്നത് പതിവുകാഴ്ചയാണ്. രാത്രിയിലാണ് തോട്ടിലേക്കു മാലിന്യം തള്ളുന്നത്. തോടിന് സമീപത്തായി താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പറവൂരിലെ പ്രധാന ജലശ്രോതസ്സാണ് പഷ്ണിത്തോട് ഒരുകാലത്ത് പ്രധാന ജലഗതപാതയായിരുന്നു. പറവൂത്തറ മുതൽ കോട്ടുവള്ളി പഞ്ചായത്തുവരെ ഏതാണ്ട് മൂന്നു കിലോമീറ്ററോളം ദൈർഘ്യമുണ്ട്. ഒരുകാലത്തു ചരക്കുവള്ളങ്ങൾ നിലയ്ക്കാതെ കടന്നുപോയിരുന്നു. പെരിയാറിന്റെ കൈവഴികളായ പറവൂർ പുഴയെയും ചെറിയപ്പിള്ളി പുഴയെയും ബന്ധിപ്പുക്കുന്ന തോടാണിത്.

---------------------------------------

പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണം

വെടിമറയിലെ വീട്ടിലെ അനധികൃത കശാപ്പിനെതിരെ പരാതി നഗരസഭയിൽ ലഭിച്ചിട്ടുണ്ട്. നഗരസഭയിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കു ചെന്നെങ്കിലും കയ്യോടെ പിടികൂടാനായില്ല. കശാപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികളെടുക്കാനാണ് തീരുമാനം.

രമേഷ് ഡി. കുറുപ്പ്,​ നഗരസഭ ചെയർമാൻ