sneha

മൂവാറ്റുപുഴ: അദ്ധ്യാപകർ മൂല്യ നിർണയത്തിൽ വരുത്തിയ ഗുരുതരവീഴ്ച നഷ്ടപ്പെടുത്തിയത് സ്നേഹയെന്ന പ്ളസ് ടുക്കാരിയുടെ വിലയേറിയ ഒരു വർഷം.

കഴിഞ്ഞ പ്ളസ് ടു പരീക്ഷാഫലം വന്നപ്പോൾ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിലെ രണ്ടാം വർഷ കോമേഴ്സ് വിദ്യാർത്ഥിയായിരുന്ന സ്നേഹമോൾ മണി ഞെട്ടി. മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചപ്പോൾ ഇക്കണോമിക്സിന് മാത്രം 80ൽ 57 മാർക്കേയുള്ളൂ. ഫുൾ എ പ്ലസ് ഉറപ്പായും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന സ്നേഹയ്ക്ക് ദു:ഖം അടക്കാനായില്ല. ആത്മവിശ്വാസമുണ്ടായിരുന്നതിനാൽ ഇക്കണോമിക്സ് പേപ്പർ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു. കഴിഞ്ഞദിവസം ഫലം വന്നപ്പോൾ മുഴുവൻ മാർക്കുമുണ്ട്.

സി.എക്കാരിയാകണമെന്ന ആഗ്രഹത്തിൽ പഠിച്ച സ്നേഹയ്ക്ക് ഒരു എ പ്ളസ് നഷ്ടമായതോടെ ഉദ്ദേശിച്ച കോളേജിൽ ബി കോമിന് ചേരാനായില്ല. സഹപാഠികളുടെയും മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും സാന്ത്വന വാക്കുകൾ ആ ദു:ഖത്തിന് പരിഹാരമാകുന്നില്ല. അടുത്തവർഷം ബി.കോമിന് ചേരാൻ ഒരുങ്ങുകയാണ് സ്നേഹ.

ഈ വീഴ്ചയ്ക്ക് എന്തുപരിഹാരം?

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് കിട്ടിയ അംഗീകാരം തനിക്ക് നഷ്ടപ്പെടുത്തിയതിനും താൻ ഉദ്ദേശിച്ച കോളേജിൽ ബി. കോമിന് ചേരാൻ സാധിക്കാതിരുന്നതിനും എന്ത് പരിഹാരമാണ് കാണാൻ കഴിയുകയെന്ന് സ്നേഹാമോൾ ചോദിക്കുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പിതാവ്.