cpi
ഞാറക്കൽ സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ എറണാകുളം ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷം പ്രതിരോധിക്കാൻ ശ്രമിക്കുന്ന എൽദോ എബ്രഹാം എം.എൽ.എ

കൊച്ചി: ഞാറയ്‌ക്കൽ സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കമ്മിറ്റി കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതോടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ

മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈയൊടിഞ്ഞു. സംസ്ഥാന നേതാക്കളുൾപ്പെടെ നിരവധി പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു.

എറണാകുളം അസി. കമ്മിഷണർ കെ.ലാൽജി, സെൻട്രൽ എസ്.ഐ വിബിൻദാസ്, സിവിൽ പൊലീസ് ഓഫീസർ സുബൈർ എന്നിവരുടെ കൈയ്ക്കും പൊട്ടലുണ്ട്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്മാറാതെ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. സംഘർഷത്തിനിടെ എൽദോയെ തല്ലുന്നത് തടയാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ തലയും പൊട്ടി. ജില്ലാ അസി. സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ. കെ.എൻ. സുഗതന്റെ കൈയ്‌ക്കും കാലിനും പൊട്ടലുണ്ട്. ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ അസ്‌ലഫ് പാറേക്കാടന് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം ലാത്തിയടിയുടെ പാടുകളാണ്.

ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.സി. സൻജിത്ത്, ചൂർണിക്കര പഞ്ചായത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സതീഷ് കുമാർ ഉൾപ്പെടെ അമ്പതോളം പ്രവർത്തകർക്ക് പരിക്കേറ്റു.

എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന എൽദോ എബ്രഹാം എം.എൽ.എ, കെ.എൻ. സുഗതൽ, അസ്ലഫ് എന്നിവരെ ഇന്നലെ വൈകിട്ടോടെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈക്കോടതി ജംഗ്‌ഷന് സമീപമുള്ള വഞ്ചി സ്‌ക്വയറിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ഡി.ഐ.ജി ഓഫീസിന് 50 മീറ്റർ അകലെ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. ഇതിനുശേഷമാണ് പ്രവർത്തകരും പൊലീസും തമ്മിലുള്ള സംഘർഷമുണ്ടായത്.

വൈപ്പിൻ ഗവ. കോളേജിൽ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ കാണാനെത്തിയ പി. രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഞാറയ്‌ക്കൽ സി.ഐ മുരളി നടപടിയെടുക്കാതെ നോക്കിനിന്നുവെന്നാണ് സി.പി.ഐയുടെ ആരോപണം.