high-court

കൊച്ചി : ദേശീയപാതയിലെ വൈദ്യുതി തൂണുകളിൽ പരസ്യത്തിന് അനുമതി നൽകാൻ ദേശീയ പാത അതോറിട്ടിക്കാണ് അധികാരമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദേശീയ പാത നിയന്ത്രണ നിയമ പ്രകാരം പാതയും അനുബന്ധ സ്ഥലവും കേന്ദ്ര സർക്കാറിന്റേതാണെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

പരസ്യബോർഡിന് ദേശീയ പാത അതോറിട്ടി അനുമതി നിഷേധിച്ചതിനെതിരെ കൊച്ചി സ്വദേശി ഷാനി ജോൺസൺ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കൊച്ചി നഗരത്തിൽ സോഡിയം വേപ്പർ ലാമ്പ് പോസ്റ്റുകളിൽ പരസ്യം സ്ഥാപിക്കാൻ ഹർജിക്കാരന് ലഭിച്ച കരാർ പ്രകാരം ദേശീയ പാത അതോറിട്ടിയുടെ (എൻ.എച്ച്.എ.ഐ) അനുമതിക്ക് അപേക്ഷിച്ചെങ്കിലും നിഷേധിച്ചെന്നാണ് ഹർജി.

ഇന്ത്യൻ റോഡ് കോൺഗ്രസ് തയ്യാറാക്കിയ പാതയോര പരസ്യ നയവും റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറും പ്രകാരമാണ് അനുമതി നിരസിച്ചതെന്ന് ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു.
പൊതുജനങ്ങൾക്ക് അറിയിപ്പ്, ആശുപത്രി, ബസ് സ്റ്റോപ്പ് എന്നിവയുടെ സൂചനകളല്ലാത്ത പരസ്യങ്ങൾ പാതയോരത്ത് പാടില്ല. പാലം, കലുങ്ക് എന്നിവയിലും ദേശീയപാതയുടെ സ്ഥലത്തെ തൂണുകളിലും പരസ്യങ്ങൾ പാടില്ല. പൊതുജനങ്ങൾക്ക് ഗുണകരമായ താൽക്കാലിക സ്വഭാവമുള്ള മേളകൾ പോലുള്ളവയുടെ പരസ്യങ്ങൾ അനുമതിയോടെ നൽകാം. സർക്കുലർ നിർദേശങ്ങളും റോഡ് കോൺഗ്രസിലെ നയവും വിലയിരുത്തി ഹർജി തള്ളിയ കോടതി ദേശീയ പാത അതോറിട്ടിയുടെ നടപടി ശരിവച്ചു.