കൊച്ചി : മദ്യപിച്ചോയെന്ന് ഉൗതി നോക്കിയതിന്റെ പേരിൽ മാത്രം പൊലീസിന് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. ശാസ്ത്രീയമായി രക്തം പരിശോധിച്ച് നിശ്ചിത അളവിലും കൂടുതൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെങ്കിലേ കേസെടുക്കാവൂവെന്ന് കോടതി വ്യക്തമാക്കി.പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരിൽ കൊട്ടാരക്കര തലവൂർ സ്വദേശികളായ മൂന്നു പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി നിർദ്ദേശം. വ്യക്തിവിരോധത്തിന്റെ പേരിൽ കുന്നിക്കോട് പൊലീസ് കേസെടുത്തെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.
മദ്യത്തിന്റെ മണമുണ്ടെന്ന പേരിൽ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന 2018 ലെ ഹൈക്കോടതി ഉത്തരവ് കോടതി ആവർത്തിച്ചു. പൊതുസ്ഥലത്തു മദ്യപിച്ചെന്ന കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ വൈക്കം ആറാട്ടുകുളങ്ങര സ്വദേശി എം.കെ. മുകേഷ് നൽകിയ ഹർജിയിലായിരുന്നു അന്നത്തെ ഉത്തരവ്.അന്ന് അറസ്റ്റും ചെയ്തിരുന്നു. ആൽക്കോ മീറ്റർ പരിശോധനയിലും മുകേഷ് മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.
പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചെന്ന കുറ്റം തെളിയിക്കാൻ ഒരു ലിറ്റർ ബോട്ടിലിൽ 50 മില്ലിലിറ്റർ മദ്യമാണ് പൊലീസ് കണ്ടെടുത്തത്. രക്ത പരിശോധന നടത്തി മദ്യമാണെന്ന് ഉറപ്പിച്ചില്ല. ഡോക്ടർ രക്തത്തിലെ മദ്യത്തിന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തിയിരുന്നില്ല. മദ്യത്തിന്റെ മണമുണ്ടെന്ന് കാട്ടിയാണ് റിപ്പോർട്ട് നൽകിയത്. മണമുണ്ടെന്ന പേരിൽ ഒരാൾ മദ്യപിച്ചതാണെന്ന് വിലയിരുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.