ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകിയിട്ടും പൂട്ടാത്ത സ്ഥാപനത്തിനെതിരെ എസ്.പിക്ക് പരാതി. 15 -ാം വാർഡിലെ 63- ാം നമ്പർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള മലിനീകരണത്തിനും കെട്ടിട ഉടമ മോളത്ത് നാസറിന്റെ ഭീഷണിക്കുമെതിരെ സമീപവാസി മുട്ടം ഞാറക്കാട്ട് വീട്ടിൽ അലിയാരാണ് പരാതി നൽകിയിരിക്കുന്നത്.

പാഴ്വസ്തുക്കൾ കൊണ്ടുവന്ന് പൊടിച്ച് കിടക്കയും തലയണയും ഉണ്ടാക്കുന്ന യൂണിറ്റ് രണ്ട് വർഷമായി പ്രവർത്തിക്കുന്നതായി പരാതിയിൽ പറയുന്നു. ഇവിടെ നിന്നുള്ള ശബ്ദ മലിനീകരണവും പൊടിയും മൂലം കുടുംബത്തിന്റെ ജീവിതം വളരെ ദുസ്സഹമായിരിക്കുകയാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. പരാതി നൽകിയതിനെ പഞ്ചായത്ത് അധികൃതർ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നാലുമാസത്തിനുള്ളിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിശ്ചിതസമയം കഴിഞ്ഞിട്ടും അനുമതിപത്രം ഹാജരാക്കിയില്ല.

#പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവർത്തനം നിർത്തിയില്ല.

#പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ആലുവ പൊലീസിന് കത്ത് നൽകി.

#പൊലീസ് നടപടി സ്വീകരിച്ചില്ല.

#പഞ്ചായത്തിന് പരാതി കൊടുത്തതിനാൽ നാസർ തങ്ങളെ ഭീഷണിപ്പെടുത്തി.