കൊച്ചി : കണ്ടെയ്‌നർ റോഡിനെ അപകടരഹിത മേഖലയാക്കാൻ നിയമവിരുദ്ധമായ എല്ലാ പാർക്കിംഗും തടയണമെന്നു പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. പ്രദേശത്തെ അപകടങ്ങൾ തടയാൻ നടപടി ആവശ്യപ്പെട്ട് പച്ചാളം സ്വദേശി ജോർജ് എബ്രഹാം നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ്.
നിയമവിരുദ്ധമായി ഒരു വാഹനം പോലും കണ്ടെയ്‌നർ റോഡരികിൽ പാർക്ക് ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം. നിയമവിരുദ്ധ പാർക്കിംഗിന് ഫീസ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം.
പാർക്കിംഗിന് കഴിയുന്ന സ്ഥലങ്ങൾ കൊച്ചി തുറമുഖ ട്രസ്റ്റ്, ഡി.പി വേൾഡ്, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി എന്നിവർ വിശദീകരണം നൽകണം. രണ്ടാഴ്ചക്ക് ശേഷം ഹർജി പരിഗണിക്കും.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേയ്ക്ക് ദിവസവും 1400 ട്രക്കുകൾ പോകുന്നുണ്ടെന്ന് ഗവ.പ്ലീഡർ കോടതിയെ അറിയിച്ചു. വേണ്ടത്ര സൗകര്യമില്ലാത്തതിനാലാണ് റോഡരികിൽ പാർക്ക് ചെയ്യുന്നതെന്ന് ട്രക്ക് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകൾ പറയുന്നു. ബോൾഗാട്ടി ജംഗ്ഷനിലെ സ്വകാര്യ പാർക്കിംഗിൽ 150 ട്രക്കുകൾക്കു സൗകര്യമുണ്ട്. ബി.പി.സി.എല്ലിന്റെ ഗ്രൗണ്ടിൽ 250 ട്രക്കുകളിടാം.
ഹൈക്കോടതി നടപടിയുടെ ഭാഗമായി കണ്ടെയ്‌നർ റോഡിലെ പാർക്കിംഗ് 2017 ജൂലായ് അഞ്ച് മുതൽ നിയമവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും ട്രക്കുടമകളടെ സമരം മൂലം പിൻവലിച്ചു.