കൊച്ചി: തടവുകാർക്കായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പുതിയ സംരംഭം 'രണ്ടാമൂഴം' ജില്ലാ ജയിലിൽ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. തടവുകാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ജില്ലയിലെ അഞ്ചു ജയിലുകളിലും പരിപാടി സംഘടിപ്പിക്കും.
ലക്ഷ്യം
മിക്ക തടവുകാരും വിവിധ ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഇവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ തരണം ചെയ്ത് വിജയകരമായ ജീവിതം നയിക്കുന്നതിന് രണ്ടാമതൊരു അവസരം നൽകുന്ന പദ്ധതിയാണ് രണ്ടാമൂഴം. നുമ്മ ഊണ്, റോഷ്നി, പുതുയുഗം എന്നീ പദ്ധതികൾക്ക് ശേഷം ജില്ലാ ഭരണകൂടം
പുതുതായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണിത്.
നാഷണൽ ബ്ലൈൻഡ്നെസ്സ് കൺട്രോൾ പ്രോഗ്രാം, ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം, നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി
തടവുകാരുടെ നേത്രസംബന്ധ രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയുടെ രോഗ നിർണയം നടത്തും. ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരാണ് പരിശോധിക്കുന്നത്. രോഗനിർണയത്തിനൊപ്പം ചികിത്സയും ലഭ്യമാക്കും. ഇവയ്ക്കുപുറമേ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഡിസ്ട്രിക്റ്റ് മെന്റൽ ഹെൽത്ത് പ്രോഗ്രാമിലെ മാനസികരോഗ വിദഗ്ദ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് . അഡിഷണൽ ഡി.എം.ഒ ഡോ. വിവേക് കുമാറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ.