തൃപ്പൂണിത്തുറ: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മൂന്നു മലയാളികളിലൊരാൾ അതിലെ ചീഫ് എൻജിനിയറും തൃപ്പൂണിത്തുറ സ്വദേശിയുമായ സിജു വി. ഷേണായി ആണെന്ന് വ്യക്തമായി.
ഇരുമ്പനം ടോൾ പ്ലാസയ്ക്ക് അടുത്തുള്ള ഹീര ഫ്‌ളാറ്റിൽ താമസിക്കുന്ന പിതാവ് വിറ്റൽ ഷേണായിയും മാതാവ് ശ്യാമളയും മകന്റെ വിളി കാത്തിരിക്കുകയാണ്. സംഭവശേഷം സിജു ഇവരെ ബന്ധപ്പെട്ടിട്ടില്ല. കമ്പനി അധികൃതരുടെ ഫോൺ ദിവസവും എത്തുന്നതാണ് ആകെയുള്ള ആശ്വാസം. ജൂലായ് 19ന് ഫ്യൂജിറാ പോർട്ടിൽ നിന്നാണ് സിജു അവസാനം വിളിച്ചത്.
ദമ്പതികളുടെ ഏക മകനും 46 കാരനുമായ സിജു ജൂൺ 14നാണ് നാട്ടിൽനിന്ന് പോയത്. 19 വർഷമായി വിവിധ ഷിപ്പിംഗ് കമ്പനികളിൽ ജോലി ചെയ്യുന്നു. നാല് വർഷമായി ഇപ്പോഴത്തെ കപ്പലിലാണ്.
മൂന്നു മാസം കപ്പലിലെ ജോലിക്കുശേഷം മൂന്നു മാസം അവധി ലഭിക്കാറുണ്ടെന്ന് അമ്മ ശ്യാമള പറഞ്ഞു. അവധിക്കാലം മുഴുവൻ യാത്ര തന്നെയാണ് സിജുവിന്റെ പതിവ്. പാലാരിവട്ടത്തെ വീട് അറ്റകുറ്റപ്പണിയിലായതിനാൽ ഇക്കുറി യാത്ര പോയില്ല. കഴിഞ്ഞ തവണ ബൈക്കിൽ ലഡാക്കിൽ പോയി വന്നു. സൈക്കിളിൽ ഇടുക്കിക്കും പോകാറുണ്ട്.
പാലാരിവട്ടത്തുള്ള വീട്ടിലാണ് മാതാപിതാക്കൾ താമസിക്കുന്നത്. ഇരുമ്പനത്തെ ഫ്‌ളാറ്റ് സിജുവിന്റെയാണ്. ആലപ്പുഴ സ്വദേശിയാണ് വിറ്റൽ ഷേണായ്.