കൊച്ചി: രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന ഒരു വിഭാഗം പൊലീസുകാരാണ് സേനയേയും സർക്കാരിനെയും കുഴപ്പത്തിലാക്കുന്നതെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. കേരള പൊലീസിൽ മികവുള്ള ഉദ്യോഗസ്ഥർ ധാരളമുണ്ട്. എന്നാൽ, ചെറിയൊരു വിഭാഗം മാത്രം നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു. സർക്കാരിന്റെ പ്രതിച്ഛായ തകർത്ത് വീഴ്ത്തുകയാണോ ഇവരുടെ ശ്രമമെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. എറണാകുളത്ത് സി.പി.ഐ മാർച്ചിനെതിരെ നടന്ന പൊലീസ് അതിക്രമവും ഇത്തരത്തിലൊന്നാണ്. പി.രാജു 'ഫ്ലാഷി'നോട് സംസാരിക്കുന്നു.
കാറ്റ് മാറി വീശിയാൽ മാറുന്ന പൊലീസ്
രാവിലെ സർക്കാർ മാറിയാൽ ഉച്ചയോടെ കേരള പൊലീസിന്റെ സ്വഭാവവും മാറും. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയില്ല. കാലാകാലങ്ങളായി പൊലീസ് ഇങ്ങനെയൊക്കെയാണ്. പൊലീസിനും ഇപ്പോൾ രാഷ്ട്രീയമുണ്ട്. അത് മറ നീക്കി പുറത്ത് വന്നിരിക്കുന്നു. സേനയിലുള്ളവർ ഒരിക്കലും ഇങ്ങനെ ആകരുത്. പലപ്പോഴും മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കുകയും തിരുത്തുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നു. ഇതെല്ലാം സർക്കാരിന് ദോഷം ചെയ്യുകയാണ്.
മിണ്ടരുതെന്ന് പറഞ്ഞിട്ടില്ല
ജില്ലാ സെക്രട്ടറിയെയും എം.എൽ.എയെയും മർദ്ദിച്ച പൊലീസ് നടപടിയിൽ കളക്ടർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് സി.പി.ഐ സ്വാഗതം ചെയ്യുന്നു. എന്നാൽ, കൂടുതൽ പ്രതികരിക്കരുതെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയെന്ന വാർത്ത തെറ്റാണ്. അക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും പിന്നോട്ട് പോകില്ല. അതേസമയം, ഞാറയ്ക്കൽ സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്നതിൽ ഉറച്ച് നിൽക്കുകയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്വീകരിക്കേണ്ട രീതിയായിരുന്നില്ല അദ്ദേഹം അവിടെ കാഴ്ച വച്ചത്.
കൂടുതൽ സമരത്തിലേക്ക്
നാളെ പാർട്ടി എറണാകുളം ജില്ലാ എക്സിക്യൂട്ടിവ് ചേരുന്നുണ്ട്. തുടർ സമരങ്ങളെക്കുറിച്ച് ഈ യോഗത്തിൽ തീരുമാനമെടുക്കും. ജില്ലയിലെ എല്ലാ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. പോഷക സംഘടനകളും സമര മുഖത്തുണ്ട്.