കൊച്ചി : ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മോഡറേഷൻനിറുത്തലാക്കണമെന്നും, ഗ്രേസ് മാർക്ക് നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കൈക്കൊണ്ട തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോടു നിർദ്ദേശിക്കണമെന്ന അപ്പീലിൽ സർക്കാരിന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

പത്തനംതിട്ട കരവാളൂർ സ്വദേശിയായ റോഷൻ ജേക്കബ്, അഞ്ചൽ സ്വദേശിനി ആൻസ് ജേക്കബ്, ചെങ്ങന്നൂർ സ്വദേശിനി ആർ. നന്ദന എന്നിവരാണ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകിയത്.നേരത്തേ ഇവരുടെ

ഹർജിയിൽ, കേരള സിലബസിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മാർക്ക് മോഡറേഷൻ നിറുത്തണമെന്ന കേന്ദ്ര സർക്കാർ യോഗത്തിലെ തീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ ജൂലായ് എട്ടിന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിംഗിൾബെഞ്ച് പരിഗണിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. വിവിധ സിലബസുകളിലുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ 2017 ഏപ്രിൽ 24 ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാരുടെയും വിവിധ ഹയർ സെക്കൻഡറി ബോർഡ് ചെയർമാൻമാരുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിൽ മോഡറേഷൻ നൽകുന്നത് അവസാനിപ്പിക്കാൻ മറ്റു സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാർ സമ്മതിച്ചെങ്കിലും ഒരു വർഷംകൂടി കേരളം സമയം തേടി. ഇൗ കാലാവധി 2018 ഏപ്രിൽ 24 ന് കഴിഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് അപ്പീലിൽ പറയുന്നു.