കൊച്ചി: ട്രോളിംഗ് കാലാവധി തീർന്നിട്ട് പട്ടിണി മാറ്റാമെന്ന തീരദേശവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് വള്ളങ്ങളുടെ ലൈസൻസ് ഫീസ് പത്തിരട്ടി കൂട്ടി. ഫീസ് അടച്ചാൽ മാത്രമേ മണ്ണെണ്ണ പെർമിറ്റിനുള്ള അനുവാദം ലഭിക്കൂ.

20 മീറ്ററിന് മുകളിൽ നീളമുള്ള വള്ളങ്ങൾക്ക് കഴിഞ്ഞ വർഷം ലൈസൻസ് ഫീസും രജിസ്ട്രേഷനും ഫീസുമെല്ലാം ചേർത്ത് 15,​000 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നൽകേണ്ടത് 76,250 ആണ്.

15 മീറ്റർ താഴെയുള്ള വള്ളങ്ങളുടെ ഫീസ് 200 രൂപയിൽ നിന്ന് 2100 ആയി വർദ്ധിച്ചു.

പണ്ട് എഞ്ചിന്റെ ശക്തിക്ക് അനുസരിച്ചാണ് ഫീസ് കണക്കാക്കിയിരുന്നതെങ്കിൽ ഇത്തവണ വള്ളത്തിന്റെ നീളത്തിന് അനുസരിച്ചാണ്. അതുകൊണ്ട് പരമ്പരാഗത വള്ളങ്ങൾക്കും കൂടിയ തുക നൽകേണ്ടതായി വരും.

ജൂലായ് 31ന് ട്രോളിംഗ് തീരുന്നതോടെ 52 ദിവസം നീണ്ട വറുതിക്കാലം അവസാനിച്ച് കടലിൽ പോകാൻ നേരമാണ് ഇരുട്ടടി പോലെ ഫീസ് വർദ്ധന.

ശക്തമായ കാറ്റിലും മഴയിലും വീടുകൾ നശിച്ച് കയറി കിടക്കാനൊരിടം പോലും ഇല്ലാതിരിക്കെ ലൈസൻസിനുള്ള ഇത്രയും തുക എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ലൈസൻസ് ഫീസ് അടച്ചില്ലെങ്കിൽ കടലിൽ വച്ച് പോർട്ട് അധികൃതർ പിടിച്ചാൽ പിഴ ഒടുക്കേണ്ടി വരും. ഉദ്യോഗസ്ഥർക്ക് തോന്നിയ തുകയാണ് പിഴ.

മണ്ണെണ്ണയ്ക്ക് ലഭിക്കുന്ന പോലെ സബ്സിഡി ഡീസലിനും ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ

ലൈസൻസ് ഫീസ് കുറയ്ക്കുക

പിഴ തുകയ്ക്ക് മാനദണ്ഡം കൊണ്ടുവരിക

ഡീസലിനും സബ്സിഡി നൽകുക

"പുതുക്കിയ ഫീസ് അടച്ച് മത്സ്യബന്ധനം നടത്താൻ പറ്റാത്ത സാഹചര്യമാണ്. സംസ്ഥാന സർക്കാരിന്റെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ."

അഡ്വ.സുഭാഷ് നായരമ്പലം

ജനറൽ സെക്രട്ടറി

കേരള ധീവര മഹാസഭ

വള്ളം - പുതിയ നിരക്ക് - പഴയ നിരക്ക്

ഒരു തൊഴിലാളിയുള്ള വള്ളം - ഇല്ല - 50

10 മീറ്റർ താഴെ വള്ളം - 300 - 100

10 - 15 മീറ്റർ ഔട്ട്‌ബോർഡ് എൻജിൻ - 2250 - 520

15 - 17 മീറ്റർ ഇൻബോർഡ് എൻജിൻ - 10,000 - 4750

20 മീറ്റർ താഴെ ഇൻബോർഡ് എൻജിൻ - 24,600 - 9750

20 മീറ്റർ മുകളിലുള്ള ഇൻബോർഡ് എൻജിൻ - 76,250 - 15,000