കൊച്ചി: കഴിഞ്ഞ തവണ പ്രളയം പണികൊടുത്തെങ്കിലും ഓണസദ്യ ഒരുക്കുന്നതിനായി തമിഴ്നാട്ടിലെ കർഷകർ നിലമൊരുക്കി കഴിഞ്ഞു. ജലക്ഷാമം തെല്ലു വലച്ചെങ്കിലും ഈ ഓണത്തിന് ആവശ്യാനുസരണം പച്ചക്കറിയുണ്ടാകുമെന്ന് കർഷകർ ഉറപ്പു നൽകുന്നു. എങ്കിലും വിലയിൽ വർദ്ധനയുണ്ടാകുമെന്ന് കച്ചവടക്കാർ മുന്നറിയിപ്പ് നൽകി.

# വാങ്ങൽ കുറഞ്ഞു

"അത്തം മുതൽ സദ്യ വട്ടങ്ങൾ ഒരുക്കുന്ന പതിവ് ഇല്ലാതായി. ഉത്രാടത്തിനാണ് ആളുകൾ ചന്തയിലെത്തുന്നത്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള ആവശ്യത്തിനായി കുറച്ച് പച്ചക്കറി വാങ്ങും. പച്ചക്കറി കച്ചവടക്കാർക്ക് ഓണം നഷ്ടകച്ചവടമായി". 52 വർഷമായി എറണാകുളം മാർക്കറ്റിൽ കച്ചവടം നടത്തുന്ന കെ.കെ.അഷ്റഫ് നിരാശയോടെ പറഞ്ഞു.

# ആശ്രയം അയൽക്കാർ

തമിഴ്നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്,

# അച്ചിങ്ങയും വെണ്ടയ്ക്കയും തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്ന്
# പടവലങ്ങ, ഉള്ളി, ബീൻസ്, മുരിങ്ങയ്ക്ക, പാവയ്ക്ക, അമരയ്ക്ക തുടങ്ങി ഭൂരിഭാഗം ഇനങ്ങളും ഓട്ടംചത്രത്തിലാണ്.

# മേട്ടുപാളയത്തിന് സമീപമുള്ള കാരമലൈയിൽ നിന്നാണ് കറിവേപ്പില.

# ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ക്യാപ്സിക്കം, ഉരുളക്കിഴങ്ങ്, എന്നിവ കോയമ്പത്തൂരിൽ നിന്നാണ്
# കർണ്ണാടകയിലെ ഹൊസൂരിൽ നിന്നാണ് തക്കാളിയുടെ വരവ്.

# ഇഞ്ചി വില ഇരുനൂറിലെത്തിയെങ്കിലും കർണ്ണാടകയിൽ നിന്ന് ഇഞ്ചി എത്തിത്തുടങ്ങിയതോടെ ഒരു മാസത്തിനുള്ളിൽ വില കുറയുമെന്നാണ് പ്രതീക്ഷ.

# വട്ടവടയിൽ കൃഷി മോശം

പ്രളയവും പിന്നീട് ഉണ്ടായ വരൾച്ചയും കേരളത്തിലെ പച്ചക്കറി കൃഷിയെ ബാധിച്ചു. ചേന, ചേമ്പ്, കാച്ചിൽ എന്നിവ മുൻ വർഷങ്ങളിലേക്കാൾ കുറവാണ്. മൂന്നാർ വട്ടവടയിലെ കൃഷിയും മാന്ദ്യത്തിലാണ്. ക്യാരറ്റ്, ബീൻസ്, കിഴങ്ങ്, കോളിഫ്ളവർ എന്നിവയുടെ ഉത്‌പാദനം പാതിയായി.

# ഓൺലൈൻ

ഭക്ഷണം പാരയായി

ഓൺലൈൻ ഭക്ഷണം സർവവ്യാപിയായതോടെ വീട്ടുകാർ പാചകം കുറച്ചു. ഇതിന്റെ പ്രതിഫലനം മാർക്കറ്റിലും കാണാം. ആറു മാസം മുമ്പ് നിത്യേന 35 ലോഡ് പച്ചക്കറി എത്തിയിരുന്നത് ഇപ്പോൾ 20 ആയി. സവാള - 4 ട്രക്ക്, തക്കാളി - 3 എന്നിങ്ങനെയാണ് വരവ്. ഹോട്ടലുകൾ ഓണസദ്യയും എത്തിച്ചുനൽകുന്നതിനാൽ ഓണക്കാലത്തും കാര്യമായ കച്ചവടം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.എച്ച്.ഷമീദ് പറഞ്ഞു.