കോലഞ്ചേരി: വിമർശനം ശക്തമായതോടെ കടയിരുപ്പ് ആശുപത്രി ജംഗ്ഷനിലെ അപകട ക്രോസിംഗിൽ സ്പീഡ് ബ്രേക്കർ സംവിധാനമെത്തി. മെയിൻ റോഡ് തൊട്ടുമുന്നിലുണ്ട് എന്നറിയിക്കാനുള്ള ബോർഡുകളും റിഫ്ളക്ടർ ലൈറ്റുകളും സ്ഥാപിച്ചു. വളയൻചിറങ്ങര പീച്ചിങ്ങച്ചിറ റോഡും കോലഞ്ചേരി പട്ടിമറ്റം റോഡും സംഗമിക്കുന്ന കടയിരുപ്പ് ആശുപത്രി ജംഗ്ഷനിലെ ക്രോസിംഗിൽ കഴിഞ്ഞ ഒരു മാസം 25 അപകടങ്ങളാണ് നടന്നത്. ഇതേക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടി.
ക്രോസിംഗിൽ വരുന്ന കരിമുഗൾ പീച്ചങ്ങച്ചിറ റോഡിലാണ് അത്യാധുനിക സ്പീഡ് ബ്രേക്കർ സംവിധാനമൊരുക്കിയത്. ഇതിനുള്ള അനുമതി പൊതുമരാമത്ത് വകുപ്പ് നൽകിയിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയുടെ ഇടപെടലിനെ തുടർന്ന് സിന്തൈറ്റ് ഗ്രൂപ്പ് ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സംവിധാനമൊരുക്കിയത്.