കൊച്ചി : റബർ സാങ്കേതികവിദ്യയിൽ സേനാംഗങ്ങൾക്ക് വിദഗ്ദ്ധ പരിശീലനം നൽകാൻ റബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ (ആർ.എസ്.ഡി.സി) പൂനെയിലെ കരസേന ബേസ് വർക്‌ഷോപ്പുമായി കരാർ ഒപ്പിട്ടു. പരിശീലന പരിപാടി ആർമി ബേസ് വർക്ക്‌ഷോപ്പ് കമാൻഡന്റ് ബ്രിഗേഡിയർ ഐ.എസ്. റാത്തോഡ്, ആർ.എസ്.ഡി.സി ചെയർമാൻ വിനോദ് സൈമൺ എന്നിവർ ഉദ്ഘാടനം ചെയ്തു. മാനുഫാക്ചറിംഗ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ കേണൽ.കെ.ടി. കുര്യാക്കോസ്, ജനറൽ മാനേജർ കേണൽ അനിൽ വർഗീസ്, ആർ.എസ്.ഡി.സി റീജിയണൽ കോ ഓർഡിനേറ്റർ സുചിത റോയ്, ഐ.ആർ.എം.ആർ.എ അസിസ്റ്റന്റ് ഡയറക്ടർ ഡോ. രൂപേഷ് രോഹൻ, എ.ബി.ഡബ്‌ള്യു ഫോർമാൻ ശ്യാം കുമാർ എന്നിവർ പങ്കെടുത്തു.

സർവകലാശാലകൾ, സർക്കാർ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് നൈപുണ്യവികസന പരിശീലനം നൽകുന്ന ആർ.എസ്.ഡി.സി ആദ്യമായാണ് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ജൂനിയർ റബർ ടെക്‌നിഷ്യൻ തസ്തികയിലേയ്ക്ക് ആർമി ബേസ് വർക്ക്‌ഷോപ്പിലെ സേനാംഗങ്ങൾക്ക് പരിശീലനം നൽകും. ആദ്യഘട്ടത്തിൽ നാല്പതിലേറെ സേനാംഗങ്ങൾക്ക് പരിശീലനം ലഭ്യമാക്കുമെന്ന് ആർ.എസ്.ഡി.സി ചെയർമാൻ വിനോദ് സൈമൺ പറഞ്ഞു.