കിഴക്കമ്പലം: കിഴക്കമ്പലം ജംഗ്ഷനിൽ തിരക്കോട് തിരക്കാണ്. രാവിലെയും വൈകിട്ടത്തെയും കഥ പറയാനുമില്ല. വിദ്യാർത്ഥികളും പ്രായമായവരും റോഡ് മുറിച്ചുകടക്കാൻ പെ‌ടാപ്പാടിലാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെ ഒരു ട്രാഫിക് പൊലീസിനെയോ വാർഡനെയോ നിയോഗിക്കാൻ അധികാരികൾ തയ്യാറാകുന്നില്ല.

മൂന്ന് പ്രധാന റോഡുകളുടെ സംഗമസ്ഥലമായതിനാൽ രാവിലെയും വൈകിട്ടും ഇവിടെ പൂരത്തിരക്കാണ്. സ്‌കൂൾ വിദ്യാർത്ഥികൾ ഏറെ ഭീതിയോടെയാണ് റോഡ് മുറിച്ചുകടക്കുന്നത്. അമിത വേഗതയിലെത്തുന്ന ടിപ്പറുകളും ലിമി​റ്റഡ് സ്​റ്റോപ്പ് ബസുകളും ലക്കും ലഗാനുമില്ലാതെയാണ് പായുന്നത്. കഴിഞ്ഞ ദിവസം രാവിലെ ജംഗ്ഷനിലുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഓട്ടോക്കാരും തൊഴിലാളികളും രംഗത്തിറങ്ങേണ്ടി വന്നു.

കിഴക്കമ്പലത്ത് പലയിടങ്ങളിലും തകർന്ന സ്ലാബുകൾ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നുണ്ട്. മാർക്ക​റ്റ് ജംഗ്ഷനിൽ സ്ലാബ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ മാറ്റിയിടുന്നില്ല. നടപടി സ്വീകരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.