വൈപ്പിൻ: വല്ലാർപാടം മേൽപ്പാലം വിള്ളൽ അപാകതകൾ പരിഹരിച്ച് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 27-ാം തിയ്യതി (ശനിയാഴ്ച)​ രാവിലെ 10ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി പ്രതീകാത്മക അറ്റകുറ്റപ്പണി നടത്തി സമരം നടത്തും. സമര പരിപാടി ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യും. അരവിന്ദാക്ഷൻ ബി. തച്ചേരി അദ്ധ്യക്ഷത വഹിക്കും. ഒരുമാസത്തോളമായി തകർന്നുകിടക്കുന്ന വല്ലാർപാടം മേൽപ്പാലത്തിലെ വിള്ളൽ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുവാൻ അധികാരികൾ അലംഭാവം കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
ജിയോ ഫൗണ്ടേഷൻ എന്ന കൺസ്ട്രക്ഷൻ കമ്പനി നിർമ്മിച്ച മേൽപ്പാലം അപകടാവസ്ഥയിലായത് കൃത്യമായ മേൽനോട്ടമില്ലാത്തതും ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലമാണെന്ന് സമിതി ആരോപിച്ചു. വല്ലാർപാടം കണ്ടെയ്‌നർ ലോറികളുടെ തിരക്കിൽനിന്നും ഒഴിഞ്ഞ് മേൽപാലത്തിലൂടെ യാത്ര ചെയ്തിരുന്ന വൈപ്പിൻ നിവാസികൾ വീണ്ടും കണ്ടെയ്‌നർ ലോറികളുടെ ഗതാഗതക്കുരുക്കിൽ ഉലയുകയാണ്. ഇനി എത്രനാൾ കഴിഞ്ഞാണ് പാലം ശരിയാകുന്നതെന്ന് അധികാരികൾ ഉറപ്പ് നൽകണം. ജില്ലാ കളക്ടർ എത്രയും വേഗം ഈ വിഷയത്തിൽ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.