കോലഞ്ചേരി: പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ വികസനത്തിന്റെ ദുരിതമനുഭവിക്കുകയാണ് പട്ടിമറ്റത്തുകാർ. ഒരു കോടി രൂപ ചെലവിട്ട് പട്ടിമറ്റം കവല വികസനം പൂർത്തിയാക്കിയിട്ടും ഒറ്റ മഴ മതി പട്ടിമറ്റം ജംഗ്ഷൻ കുളമാകാൻ. നാലു വശങ്ങളിലെ ഓടകളിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കാതെ ഓടകൾക്കു മുകളിൽ സ്ലാബിട്ട് ടൈൽ പാകിയാണ് കവല വികസനം യാഥാർത്ഥ്യമാക്കിയത്. കോലഞ്ചേരി റോഡിൽ തിയേറ്റർ ജംഗ്ഷനിൽ അമ്പാടി നഗർ ഭാഗത്തു നിന്നു വരുന്ന മഴ വെള്ളം കാനയിലേയ്ക്ക് ഒഴുകുന്നതിനും സൗകര്യമൊരുക്കിയിട്ടില്ല. ഈ വെള്ളവും റോഡിലൂടെ ഒഴുകി കവലയിലേക്കാണ് എത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതിലൂടെയുള്ള യാത്ര ദുരിതത്തിലാണ്. കാൽനടക്കാർ നീന്തിപ്പോകേണ്ട അവസ്ഥയിലാണ്. അപകടസാദ്ധ്യതയും വർദ്ധിച്ചു.
വെള്ളമൊഴുകാൻ വഴിയില്ല
# ജംഗ്ഷൻ മോടി കൂട്ടാൻ മാത്രം തുക ചെലവഴിച്ചു
# വെള്ളമൊഴുക്കിന് വഴിയുണ്ടാക്കുന്ന കാര്യം മറന്നു.
# ഓടയ്ക്ക് മുകളിൽസ്ളാബിട്ട് ടൈൽ പാകി
# ഓടകളിൽ നിന്ന് മണ്ണ് കോരിമാറ്റനാകുന്നില്ല
# ഓട നിറഞ്ഞ് വെള്ളം റോഡിലേക്ക്
പരിഹരിക്കും
കിഴക്കമ്പലം നെല്ലാട് റോഡ് ബി.എം ബി.സി നിലവാരത്തിൽ പണി പൂർത്തിയാകുമ്പോൾ പട്ടിമറ്റത്തെ വെള്ളക്കെട്ട് പരിഹരിക്കും. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് താത്കാലിക പരിഹാരമെന്നോണം കാന ശുചീകരണത്തിന് നിർദ്ദേശം നൽകും.
വി.പി സജീന്ദ്രൻ,
എം.എൽ.എ