social-issu
റേഷൻ കടപ്പടിയിലെ വെള്ളക്കെട്ട് മനസിലാക്കാൻ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്നു.

മൂവാറ്റുപുഴ: ഓടകൾ നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട കിഴക്കേക്കര റേഷൻകടപ്പടിയിൽ പൊതുമരാമത്ത് എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനായി കഴിഞ്ഞദിവസം എം.എൽ.എ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ ഓടകൾ നിറഞ്ഞുകിടക്കുന്നതുമൂലം നഗരത്തിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലന്ന് പ്രതിപക്ഷ കൗൺസിലർമാർ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ എൽദോ എബ്രഹാംഎം.എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് മുനിസിപ്പൽ കൗൺസിലർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചത്.

പ്രദേശത്ത് വെള്ളം ഒഴുകിപ്പോകുന്നതിന് സംവിധാനമില്ലെന്നും ഓടകൾ മാലിന്യംനിറഞ്ഞ് മൂടിക്കിടക്കുകയാണന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് തത്കാലം ഓടകീറി മാലിന്യം മാറ്റി വെള്ളക്കെട്ട് ഒഴിവാക്കാൻ തീരുമാനമായി.

നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മൂവാറ്റുപുഴ - തേനി ഹൈവേയുടെ ഓരത്തുള്ള റേഷൻകടപ്പടിയിൽ മഴ പെയ്യുന്നതോടെ വൻ വെള്ളക്കെട്ടാണ്. കഴിഞ്ഞ പ്രളയകാലത്ത് ഓടകളിൽ കുന്നുകൂടിയ മണ്ണ് നീക്കം ചെയ്യാൻ ഇതേവരെ കഴിയാത്തതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.