കിഴക്കമ്പലം: ഒറ്റയ്ക്കെത്തി സ്കൂട്ടർ വട്ടമിട്ട് ബസ് തടഞ്ഞ യുവതി സോഷ്യൽ മീഡിയയിൽ താരമായി. ബസിന്റെ മരണപ്പാച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവതി അതേ ബസിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.
യുവതിയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നാട്ടുകാരും കൂടിയതോടെ ബസ് ജീവനക്കാർ മുട്ടു മടക്കി. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ കിഴക്കമ്പലം സ്വദേശിനിയാണ് ഒറ്റദിനം കൊണ്ട് സോഷ്യൽ മീഡിയതിൽ താരമായത്.
അശ്രദ്ധമായി പാഞ്ഞെത്തിയ ബസിന്റെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് പള്ളിക്കര വണ്ടർലായ്ക്കു സമീപം വെച്ച് ഇവർ രക്ഷപ്പെട്ടത്. ഓവർടേക്ക് ചെയ്ത് പാഞ്ഞ ബസിന്റെ അടിയിൽപ്പെടാതെ റോഡരികിലേക്ക് വെട്ടിച്ച് മാറ്റി രക്ഷപ്പെടുകയായിരുന്നു.
മന:സാന്നിധ്യം വീണ്ടെടുത്ത യുവതി നിർത്താതെ പാഞ്ഞ ബസിനെ പിന്തുടർന്നു. പള്ളിക്കര മാർക്കറ്റ് റോഡിൽ വച്ച് ബസിന്റെ മുന്നിൽ സ്കൂട്ടർ വട്ടം നിർത്തി തടഞ്ഞു. യുവതി കാര്യം വിശദീകരിച്ചതോടെ നാട്ടുകാരും യുവതിയോടൊപ്പം ചേർന്നു.
ഇതിനിടെ പഞ്ചായത്തംഗം ടി.വി.ശശിയുടെ സാന്നിധ്യത്തിൽ ഡ്രൈവർ യുവതിയോട് മാപ്പു പറഞ്ഞതോടെ തത്കാലം പൊലീസ് കേസ് വേണ്ട എന്ന ഒത്തുതീർപ്പിലെത്തി. കാഴ്ചക്കാരിലാരോ എടുത്ത യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് വൈറലായത്.