കൊച്ചി : വിദേശ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാട്ടിലുള്ളവരിൽ നിന്ന് കുടിശിക പിരിക്കാൻ ഏജന്റുമാരെ വിട്ട് ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കുടിശിക പിരിക്കാൻ ഇന്ത്യൻ ബാങ്കുകൾക്ക് ഏജൻസികളെ നിയോഗിക്കാമെങ്കിലും ഇടപാടുകാരെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ അവകാശമില്ലെന്നും ഇങ്ങനെ തുക പിരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റിസർവ് ബാങ്കിന്റെ മാസ്റ്റർ സർക്കുലറുണ്ട്. ഇന്ത്യൻ ബാങ്കുകൾക്കുള്ള മാർഗനിർദ്ദേശമാണിത്. വിദേശബാങ്കുകൾക്ക് ഏജൻസികളെ നിയോഗിക്കാനാവില്ല. പണം തിരിച്ചടയ്‌ക്കാത്തത് ക്രിമിനൽ കുറ്റമായ രാജ്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് നയതന്ത്ര നടപടി സ്വീകരിക്കാം. അല്ലെങ്കിൽ പണം ഈടാക്കാൻ ഇന്ത്യയിലെ നിയമപ്രകാരമുള്ള നടപടികളെടുക്കാം. മറിച്ചുള്ള നടപടികൾ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സൗദി അറേബ്യയിൽ നിന്ന് നഴ്സിംഗ് ജോലി മതിയാക്കി നാട്ടിലെത്തിയ കൊല്ലം കൊട്ടറ സ്വദേശിനി നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ വിധി. അൽറാഹ്ജി ബാങ്കിന്റെ റിയാദ് ശാഖയിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചിട്ടും നാട്ടിലെത്തിയ തന്നെ ബാങ്കിന്റെ ഏജൻസിക്കാർ ഭീഷണിപ്പെടുത്തുന്നതായാണ് ഹർജി. മുംബയിലെ ബിൽകിഷ് അസോസിയേറ്റ്സിനു വേണ്ടി കേരളത്തിലെ കെ.ജി.എം അസോസിയേറ്റ്സിന്റെ പേരിൽ അജിത്, പ്രദീപ് എന്നിവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും 2500 സൗദി റിയാൽ അടച്ചെന്നും 50,000 റിയാൽ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു.
അൽ റാഹ്ജി ഉൾപ്പെടെ വിദേശ ബാങ്കുകളുടെ കസ്റ്റമർ സെന്ററുകൾ മാത്രമാണ് തങ്ങൾക്കുള്ളതെന്നും പണം പിരിക്കുന്നില്ലെന്നും ബിൽകിഷ് അസോസിയേറ്റ്സ് അന്വേഷണ സംഘത്തോടു വ്യക്തമാക്കിയെന്ന് ഡി.ജി.പി നൽകിയ സ്റ്റേറ്റ്‌മെന്റിൽ വിശദീകരിച്ചു. വിദേശത്തുള്ള ചില മലയാളികൾ വിശ്വാസവഞ്ചന നടത്തിയും വായ്പാത്തുക തിരിച്ചടയ്‌ക്കാതെയും നാട്ടിലേക്ക് മുങ്ങും. ഇവരെ കണ്ടെത്തി പണം തിരിച്ചുപിടിക്കാൻ ഏജൻസികളെ ഏൽപ്പിക്കുന്നതിനു പകരം നയതന്ത്ര തലത്തിൽ നടപടിയെടുക്കുകയാണ് വേണ്ടത്. ഹർജിക്കാരിക്ക് ഇപ്പോൾ ഭീഷണിയില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. ഇതു രേഖപ്പെടുത്തി ഹൈക്കോടതി ഹർജി തീർപ്പാക്കി.