മൂവാറ്റുപുഴ: ഗവിയുടെ വനവിസ്മയക്കാഴ്ചകൾ ആസ്വദിച്ച് മൂവാറ്റുപുഴയുടെ പ്രകൃതി പഠനക്യാമ്പിന് സമാപനം. പേഴക്കാപ്പിള്ളി മീരാസ് യൂത്ത് ഡെവലപ്മെൻറ് സെന്റർ ആൻഡ് പബ്ലിക് ലെെബ്രറിയാണ് മൂവാറ്റുപുഴ മേഖലയിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്കായി പ്രകൃതിയെക്കുറിച്ചും പരിസ്ഥിതി മൂല്യങ്ങളെക്കുറിച്ചും അവബോധം നൽകുന്നതിന് പ്രകൃതിപഠനയാത്രയും പരിസ്ഥിതി ക്യാമ്പും സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ട ക്യാമ്പിൽ വനംവകുപ്പിന്റെയും ഡി.ടി.പി.സിയുടെയും സേവനങ്ങൾ ക്യാമ്പംഗങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കി.
റാന്നി, കോന്നി വനമേഖലയിലെ പ്രധാന ടൂറിസ്റ്റ് ഹബ്ബുകളും പത്തനംതിട്ടയിൽ നിന്നും വണ്ടിപ്പെരിയാർ കുമിളി വരെ നീണ്ട വന്യജീവി മേഖലകളും ക്യാമ്പ് അംഗങ്ങൾക്ക് നവ്യാനുഭവമായി. കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി, പെരുന്തേനരുവി, മൂഴിയാർ, കൊച്ചുപമ്പ, ഗവി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പ് ക്രമീകരിച്ചിരുന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. അസീസ് കുന്നപ്പള്ളി പഠനക്ലാസുകൾക്ക് നേതൃത്വം നൽകി. വന്യജീവി ഫോട്ടോഗ്രഫർ സോജൻ മൂന്നാർ, എം.എസ്. ഫൈസൽ, സച്ചിൻ ജമാൽ തുടങ്ങിയവർ ക്യാമ്പ് നയിച്ചു. സമാപനത്തോടനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾക്കായി ജില്ലാ കളക്ടർ സംഘടിപ്പിച്ച ഗ്രാൻഡ് ദർബാറിൽ ഡി.ടി.പി.സി സെക്രട്ടറി ഹുസൈൻ, യാത്രാ സഹായികളായ വർഗീസ്, ജോസ്, ക്യാമ്പ് അംഗങ്ങളായ ശരത്, ശിവൻ, മാഹിൻഷാ തുടങ്ങിയവർ സംസാരിച്ചു. 20 പേർ വീതമുള്ള രണ്ടു ബാച്ചുകളിൽ ആദ്യ ബാച്ചിന്റെ യാത്രയായിരുന്നു.