minister-meeting-
കണക്കൻകടവ് റെഗുലേറ്റർ കം ബ്രഡ്ജിന്റെ തകരാറുകൾ തീർക്കുന്നതിനായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിതല യോഗം.

പറവൂർ : കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും മാറ്റി പുതുക്കി പണിയുമെന്ന് ജല വിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതലയോഗത്തിൽ തീരുമാനിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. പെരിയാറിൽ നിന്നും ചാലക്കുടിയാറിലേയ്ക്ക് ഓരുവെള്ളം കയറുന്നത് തടയാൻ പതിനാറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ചതാണ് കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജ്. കാലപ്പഴക്കത്തിൽ രണ്ട് ഷട്ടറുകൾ തകർന്നു. അറ്റകുറ്റപണികൾക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് ഈ മാസം മുപ്പതിനകം തയ്യറാക്കും. റീ ബിൽഡ് കേരള ഇനിഷേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം നടത്തുക. അണ്ടർ വാട്ടർ കാമറ ഉപയോഗിച്ച് ഷട്ടറിന്റെ താഴെ ഭാഗം പരിശോധിക്കും. ഇതുവരെയുള്ള നിർമ്മാണത്തിൽ നിന്നും വ്യത്യസ്തമായി സെയിൽലസ് സ്റ്റീൽ ഉപയോഗിച്ചുള്ള ഷട്ടറുകളാണ് സ്ഥാപിക്കുക. ഷട്ടറുകൾ പുതുക്കി പണിയുന്നതു വരെ താത്ക്കാലിക മണൽ ബണ്ട് നിർമ്മിക്കാനും യോഗത്തിൽ തിരുമാനിച്ചു. മണൽ ബണ്ട് തുലാ വർഷം കഴിയുന്ന മുറയ്ക്ക് പൂർത്തിയാക്കും. ഷട്ടറുകളുടെ സുരക്ഷയ്ക്കായി രണ്ട് വച്ചർമാരെ നിയമിക്കും. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, ഇറിഗേഷൻ എൻജിനിയർ, ചീഫ് എൻജിനിയർ, മെക്കാനിക്കൽ ചീഫ് എൻജിനിയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.