കൊച്ചി: വിദ്യാർത്ഥി ബസ് സൗഹൃദ ജില്ലയായി മാറാനൊരുങ്ങുകയാണ് എറണാകുളം. അതിനായി 'ഫ്രണ്ട്‌ലി ബസ് ' പദ്ധതി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിൽ കയറ്റുന്നില്ല, കൺസഷൻ ലഭിക്കുന്നില്ല തുടങ്ങിയ പരാതികൾക്ക് പരിഹാരമായിട്ടാണ് പദ്ധതി. വിദ്യാർത്ഥികളുടെ പരാതികൾക്കൊപ്പം ബസ് ഓപ്പറേറ്റേഴ്‌സിന്റെ പരാതികളും കേട്ട ശേഷം കളക്‌ടറേറ്റ്ചേംബറിൽ നടന്ന സ്റ്റുഡൻസ് ഫെസിലിറ്റി കമ്മറ്റിയിലാണ് ജില്ലാ കളക്ടർ എസ്. സുഹാസ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളെ സംബന്ധിച്ച പരാതികൾ ഇന്ന്മുതൽ 8281998933 എന്ന വാട്സ് ആപ്പ് നമ്പരിൽ മെസേജ് അയച്ച് അറിയിക്കാം. ക്രിമിനൽ കേസുകൾ ഒഴികെയുള്ള പരാതികൾ വിദ്യാർത്ഥികൾക്ക് വാട്ട്‌സാപ്പ് നമ്പരിൽ അറിയിക്കാം.. ജില്ലാ റോഡ് ട്രാൻസ്‌പോർട്ട് ഓഫീസറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ
തുടർച്ചയായി ഒരേ പരാതികൾ ലഭിച്ചാൽ സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ബസ് ജീവനക്കാർക്കായി പ്രത്യേക കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കും. ഇതിനുപുറമേ ബസ് ഓണേഴ്‌സിനും ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും കളക്ടർ പറഞ്ഞു .
കൺസെഷൻ കാർഡിന്റെ കാലാവധി നീട്ടും
വിദ്യാർത്ഥികളുടെ മുൻ വർഷത്തെ കൺസെഷൻ കാർഡിന്റെ കാലാവധി നീട്ടി നൽകാൻ സ്റ്റുഡൻസ് ഫെസിലിറ്റി കമ്മറ്റി തീരുമാനിച്ചു. പത്ത് രൂപയുടെ കാർഡ് എടുത്താൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ 40 കിലോമീറ്റർ വരെ ദൂരത്തിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു
പരാതി അറിയിക്കാനുള്ള. വാട്സ് ആപ്പ് നമ്പർ8281998933
വാട്ട്‌സാപ്പിൽ ലഭിക്കുന്ന പരാതികൾ ആർ.ടി.ഒ, പൊലീസ്, ബസ് ഓണേഴ്‌സ്, ഓപ്പറേറ്റേഴ്‌സ്,സ്റ്റാഫ് അസോസിയേഷനുകൾ ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് കൈമാറും
24 മണിക്കൂർ മുതൽ ഏഴു ദിവസത്തിനുള്ളിൽ പരിഹാരം
വാട്സ് ആപ്പ് നമ്പരിൽ വരുന്ന പരാതികൾ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നിരീക്ഷിക്കും.