കൊച്ചി : സംസ്ഥാനത്തെ തീരസംരക്ഷണമേഖല(കോസ്റ്റൽ റെഗുലേഷൻ സോൺ​) നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ് റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റ് (എൻ.സി.എസ്.സി.എം )ഡയറക്ടർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി ആഗസ്റ്റ് 19 ന് വീണ്ടും പരിഗണിക്കുമ്പോൾ ഡയറക്ടർ ഹാജരാകണം.

കേരളത്തിലെ തീരസംരക്ഷണമേഖല നിർണയത്തിൽ അപാകതയുണ്ടെന്നും പഞ്ചായത്തുകളെ അവികസിത മേഖലകളായി കണക്കാക്കി സോൺ മൂന്നിലാക്കിയത് തെറ്റാണെന്നും ആരോപിച്ച് എറണാകുളം സ്വദേശി കലൂർ ജോസ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഹർജിയിൽ തീരസംരക്ഷണമേഖല നിർണയത്തിനുള്ള മാനദണ്ഡങ്ങൾ വിശദീകരിക്കാനും കേന്ദ്രസർക്കാരിന്റെ 1991 ലെയും 2011 ലെയും വിജ്ഞാപനങ്ങൾ അനുസരിച്ച് മേഖലാ നിർണയം നടത്താൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നോയെന്ന് അറിയിക്കാനും ജൂൺ നാലിന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സെന്റർ ഡയറക്ടർ ഡോ. ആർ. രമേശ് സത്യവാങ്മൂലം നൽകിയെങ്കിലും ഹൈക്കോടതി ആവശ്യപ്പെട്ട വിശദീകരണം ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതകൾ അവ്യക്തമാണെന്നും ഹൈക്കോടതി വിലയിരുത്തി.തീരസംരക്ഷണമേഖലയുമായി​ ബന്ധപ്പെട്ട് ഏതു വിജ്ഞാപനം പിന്തുടരണമെന്ന് ആർക്കും അറിയില്ലെന്നും 1991, 1996, 2011 എന്നീ വർഷങ്ങളിൽ വിജ്ഞാപനങ്ങൾ ഇറക്കിയെങ്കിലും പ്ളാനുകൾ തയ്യാറാക്കിയില്ലെന്നും ഹൈക്കോടതി വാക്കാൽ വിമർശിച്ചു. 2011 ലെ വിജ്ഞാപനം വന്നിട്ട് എട്ടു വർഷമായെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് വിശദീകരണം നേരിട്ട് നൽകാൻ ഡയറക്ടർ ഡോ. ആർ. രമേശിന് നിർദ്ദേശം നൽകിയത്.