കൊച്ചി: എം.ബി.ബി.എസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ആലുവ ചൂർണിക്കര തായ്ക്കാട്ടുകര ശാന്തിനഗർ തെക്കേമണ്ണിൽ ജോബിൻ ജോയിയെ (32) വീണ്ടും പൊലീസ് അറസ്‌റ്റു ചെയ്‌തു. മകളുടെ എം.ബി.ബി.എസ് അഡ്മിഷനായി വിദേശമലയാളിയായ കടവന്ത്ര സ്വദേശിയെ കബളിപ്പിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞയാഴ്ച സെൻട്രൽ പൊലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഉടൻ മറ്റൊരു കേസിലാണ് ഇന്നലെ പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
തിരുവനന്തപുരം കാരണക്കോടത്തുള്ള സി.എസ്.ഐ മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് എളംകുളം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസാണിത്. കോളേജ് ഡയറക്‌ടർ ജോസഫ് മാത്യു അടുത്ത സുഹൃത്താണെന്നും സംഭാവന തുക കുറച്ചുതരാമെന്നും പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. തട്ടിപ്പാണെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി പരാതികളാണ് ഇപ്പോൾ എറണാകുളത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ എത്തുന്നത്. പാലാരിവട്ടം എസ്.ഐ. എ.ജി. ബിബിനും സംഘവുമാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.