മൂവാറ്റുപുഴ: സി.പി.ഐ നേതൃത്വത്തിൽ എറണാകുളത്ത് ഡി.ഐ.ജി ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം അടക്കമുള്ള സി.പി.ഐ നേതാക്കൾക്കും നിരവധി പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. നെഹ്രുപാർക്കിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.ആർ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കെ.ബി. നിസാർ, ജില്ലാ കമ്മിറ്റിഅംഗം ജോർജ് വെട്ടികുഴി, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് വി.എസ്. ശരത്, സെക്രട്ടറി ഗോവിന്ദ് ശശി എന്നിവർ സംസാരിച്ചു.