കൊച്ചി : സ്കൂൾ വാഹനം ഓടിക്കാൻ ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി. കുട്ടികളെ ചൂഷണം ചെയ്യൽ, പീഡിപ്പിക്കൽ തുടങ്ങി സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അപായ സാദ്ധ്യതകൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
'ഗോത്രസാരഥി" പദ്ധതിപ്രകാരം മാനന്തവാടി നീർവാരം ഹയർ സെക്കൻഡറി സ്കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള കരാർ ലഭിച്ചിട്ടും സ്വന്തം ജീപ്പ് ഓടിക്കാൻ ഹെഡ്മാസ്റ്റർ അനുവദിക്കുന്നില്ലെന്നാരോപിച്ച് നീർവാരം സ്വദേശിനി ദീപ, ഭർത്താവ് പ്രവീൺ എന്നിവർ നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
പ്രവീണിന് ലൈസൻസുണ്ടെങ്കിലും ചില പരാതികളുടെ പേരിൽ ഇയാളെ വാഹനമോടിക്കാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ പ്രവീൺ, പീഡനം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാറുണ്ടെന്നും ഹെഡ്മാസ്റ്റർ വിശദീകരിച്ചു.
പ്രവീൺ വാഹനമോടിക്കുന്നത് സുരക്ഷിതമല്ലെന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ സ്വീകരിച്ചത്. കുട്ടികൾ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും സുരക്ഷിതരായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹെഡ്മാസ്റ്റർക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കരാർ എടുത്ത ദീപയുടെ അവകാശം നിഷേധിച്ചിട്ടില്ല. കുട്ടികളെ സ്കൂളിലെത്തിക്കേണ്ട കടമ ഇവർക്കുണ്ട്. ഭർത്താവിന് ഡ്രൈവിംഗ് ലൈസൻസുണ്ടെന്നത് മാത്രമല്ല കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള യോഗ്യതയെന്നും വ്യക്തമാക്കിയ സിംഗിൾബെഞ്ച് ഹർജി തള്ളി.