crime
ആലുവ നഗരത്തിൽ നാടോടികളിൽ നിന്നും പിടിച്ചെടുത്ത വ്യാജ തേൻ പൊലീസ് നശിപ്പിച്ചപ്പോൾ.

ആലുവ: പഞ്ചസാരപ്പാനിൽ വാർണിഷും ഫെവിക്കോളും ശർക്കരയും ചേർത്ത് തേനുണ്ടാക്കി വ്യാപകമായി വിറ്റുവന്ന നാടോടി സംഘത്തെ പൊലീസ് തുരത്തിയോടിച്ചു.

ആലുവ മേൽപ്പാലത്തിന് അടിയിലാണ് സംഘം തമ്പടിച്ചിരുന്നത്.

ഇവർ വൻതോതിൽ പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. അഡിഷണൽ എസ്.ഐ ജമാലിന്റെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശർക്കരയും, പശിമയ്ക്ക് ഫെവിക്കോളും കളറിനായി വാർണിഷും ചേർക്കുന്നു. കൂട്ടുകൾ കൃത്യമായി ചേർന്നതോടെ തേൻ റെഡി. ഒറ്റനോട്ടത്തിതും സ്വാദിലും ഒറിജിനൽ തന്നെ.

വാങ്ങാനെത്തുന്നവരെ വിശ്വാസിപ്പിക്കാൻ തേനീച്ചകളുടെ വലിയ കൂടുകളും ഇവർ പാത്രങ്ങളിൽ കരുതും. സ്ത്രീകളാണ് കൃത്രിമ തേനുണ്ടാക്കുന്നത്. വിൽപ്പന പുരുഷന്മാരും.

പൊലീസെത്തി പരിശോധിച്ചപ്പോൾ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകൾ ആദ്യം തടഞ്ഞു. സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ച പൊലീസ് നാടോടികളെ ഓടിച്ചുവിട്ടു.