അങ്കമാലി: ഇടമലയാർ പദ്ധതിയുടെ ഭാഗമായി തുറവൂർ പഞ്ചായത്തിലെ വാതക്കാട് അക്വഡേറ്റിൽ നിന്നും കോമര പാടശേഖരത്തിലേക്കും ബ്രാഞ്ച് കനാലിലെ പൂണോലി പാടശേഖരത്തിലേക്കും പുതിയതായി വാൽവുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് ഐ ഡി ആർ ബി ചീഫ് എൻജിനീയർ സി കെ ജോഷി പറഞ്ഞു. ഏകദേശം 80 ഹെക്ടർ കൃഷിഭൂമിക്കും കുടിവെള്ളത്തിനും ഉപയുക്തമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വർഗീസ് പറഞ്ഞു. മുൻ മന്ത്രി ജോസ് തെറ്റയിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എം ജെയ്‌സൺ, ഇടമലയാർ എക്‌സിക്യൂട്ടീവ് എൻജിനീയർ സി സുജാത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ എൽ റപ്പായി, പെരിയാർവാലി എക്‌സിക്യൂട്ടീവ് എൻജിനീയർ എമിലി ജോസഫ്, അസിസ്റ്റന്റ് എൻജിനീയർമാരായ പി ടി അശോകൻ, എം കെ സുജാത, ഷൈനി, ക്രിസ്റ്റോ ജോസ് കല്ലൂക്കാരൻ എന്നിവർ പങ്കെടുത്തു.