rail
എറണാകുളം സൗത്ത്-നോർത്ത് റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇടനാഴിക്ക് സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി എറണാകുളംറെയിൽവേ ഏരിയ മാനേജർ നിതിൻ നോബർട്ട്, മേയർ സൗമിനി ജെയിൻ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, എ.എഫ്.ഡി. പ്രൊജക്ട് ഓഫീസർ രജനീഷ് അഹോജ എന്നിവർപരിശോധനയ്‌ക്കെത്തിയപ്പോൾ കൗൺസിലർമാരായ പി.ഡി. മാർട്ടിൻ, കെ.വി.പി. കൃഷ്ണകുമാർ തുടങ്ങിയവർ സമീപം

കരാർ ഒപ്പുവച്ചു

കൊച്ചി:എറണാകുളം നോർത്ത് ,സൗത്ത് റെയിൽവേ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ റോഡ് യാഥാർത്ഥ്യമാകുന്നു.പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കുന്ന ഫ്രഞ്ച് വികസന ഏജൻസിയുമായി (എ.എഫ്.ഡി) കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ കരാർ ഒപ്പുവച്ചു. കൊച്ചി ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കോർപ്പറേഷന് വേണ്ടി മേയർ സൗമിനിജെയിനും എഫ്.ഡി സൗത്ത് ഏഷ്യൻ ഡയറക്ടർ ക്ലമൻസ് വിടലും കരാറിൽ ഒപ്പുവച്ചു. പദ്ധതിയുടെ ചുമതല യു.എം.ടി.സി. എന്ന കമ്പനിക്കാണ്. കൊച്ചിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഏറെ പരിഹാരമാകുന്ന നോർത്ത് സൗത്ത് റെയിൽവേ കോറിഡോറാണ് പദ്ധതിയുടെ ഭാഗമായി ആദ്യം നടപ്പിലാക്കുന്നത്.
രണ്ടര കിലോമീറ്റർറോഡിൽ റെയിൽവേയുടെ 1.2 കിലോമീറ്ററും കൊച്ചിൻ കോർപ്പറേഷന്റെ 1.1 കിലോമീറ്റർ സ്ഥലവുമുണ്ട്. ഈ കണക്ക് അനുസരിച്ച് വെറും 20 മീറ്റർ മാത്രമാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങേണ്ടതുള്ളു. ഇതിൽ 80 ശതമാനത്തോളം ഭാഗത്ത് റോഡിനായി അഞ്ച് മുതൽ എട്ട് മീറ്റർ വരെ വീതിയുമുണ്ട്. കൂടാതെ സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി. വരെ ടൈൽ പാകിയ റോഡുമുണ്ട്.

ആധുനികവും ശാസ്തീയവുമായ സുസ്ഥിര നഗരഗതാഗതം ലക്ഷ്യമാക്കി, അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ നടപ്പിലാക്കുന്ന മൊബിലൈസ് യുവർ സിറ്റി പദ്ധതിയുടെ ഭാഗമായാണ് റോഡ് നിർമ്മിക്കുന്നത്.

എഫ്.ഡി പ്രൊജക്ട് ഓഫീസർ രജനീഷ് അഹോജ, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി ആർ.എസ്. അനു, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി.പി. കൃഷ്ണ കുമാർ, പ്രതിഭാ അൻസാരി, പൂർണിമാ നാരായൺ, സി.ഹെഡ്. ഡയറക്ടർ ഡോ. രാജൻ ചേടമ്പത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

# ശില്പശാലയ്ക്ക് തുടക്കമായി
ജി.ഐ.ഇസെഡ് സ്മാർട്ട് (സസ്റ്റയിനബിൾ അർബൻ ട്രാൻസ്‌പോർട്ട് )പദ്ധതിയുടെ സഹായത്തോടെ കൊച്ചിയിലെ സുസ്ഥിര ഗതാഗതം എന്ന വിഷയത്തിൽ പരിശീലന ശില്പശാലയ്ക്കും ഇന്നലെ തുടക്കമായി. മുനിസിപ്പൽ കോർപ്പറേഷൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേയും ബന്ധപ്പെട്ട ഗവണ്മെന്റ് ഡിപ്പാർട്ടുമെന്റുകളിലെയും തിരഞ്ഞെടുത്ത പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. ശില്പശാല ഇന്ന് സമാപിക്കും.

റോഡ് 2.5കിലോമീറ്റർ