ആറുവിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ- ഫ്രട്ടേണിറ്റി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്നലെ ക്ലാസുകൾ നടന്നത് കർശന പൊലീസ് നിരീക്ഷണത്തിൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം വേണമെന്ന കോളേജ് അധികൃതരുടെ ആവശ്യപ്രകാരമാണ് പൊലീസ് കോളേജിനകത്തും പുറത്തും സംരക്ഷണമൊരുക്കിയത്. അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല.

എസ്.എഫ്.ഐയുടെയും ഫ്രറ്റേണിറ്റിയുടെയും പ്രവർത്തകരുടെ പരാതിയിൽ ഓരോവിഭാഗത്തിലേയും മൂന്ന് പേർ വീതം ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയൻ ഓഫീസ് താഴ് പൊളിച്ചതിനെതിരെ കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.

സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി പ്രവർത്തകരിൽ നിന്നും പ്രിൻസിപ്പാലിന്റെയും മൊഴിയെടുക്കും.

കോളേജിലെ യൂണിയൻ ഓഫീസ് തുറക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് കഴിഞ്ഞ ദിവസത്തെ കൈയ്യാങ്കളിയിൽ അവസാനിച്ചത്. യൂണിയന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ വീണ്ടും യൂണിയൻ ഓഫീസ് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പരാതി നൽകിയിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ഓഫീസ് അടച്ചുപൂട്ടിയെങ്കിലും കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ താഴ് തകർത്ത് അകത്ത് കയറി. പിന്നാലെയെത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലെത്തിയത്. സംഘർഷത്തിൽ എസ്.എഫ്.ഐയുടെ മുൻനിരയിലുണ്ടായിരുന്നവർ വിവിധ കേസുകളിലെ പ്രതികളായി കോളജിൽ നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് ആരോപണമുണ്ട്. നേരത്തെ പ്രിൻസിപ്പാലിന്റെ കസേര കത്തിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട് കോളജിൽ നിന്ന് പുറത്താക്കപ്പെട്ട എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്ദ് അമീർ, പ്രജിത് ബാബു എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന് നേതൃത്വം നൽകിയത്.

കോളജിൽ ഭരണത്തിലിരിക്കുന്ന യൂണിയന് ദൈനംദിന പ്രവർത്തനങ്ങൾക്കായാണ് ഓഫീസ് മുറി തുറന്നു നൽകിയത്. വർഷങ്ങളായി ക്യാംപസ് ഭരിക്കുന്ന എസ്.എഫ്.ഐ ക്രമേണ ഇത് പാർട്ടി ഓഫീസായി മാറ്റിയെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇടതുപക്ഷ അധ്യാപക സംഘടനയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ മൗനാനുവാദത്തോടെയാണ് യൂണിയൻ ഓഫീസ് പാർട്ടിയുടെ അനൗദ്യോഗിക കാര്യാലയമായി പ്രവർത്തിച്ചുവന്നത്. പുറത്ത് നിന്നുള്ളവരും ഈ യൂണിയൻ ഓഫീസിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.