മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലേക്ക് മാറാടി സർവീസ് സഹകരണ ബാങ്ക് രണ്ട് എൽ.ഇ.ഡി.ടി.വി നൽകി. ഇവ കുട്ടികളുടെ വാർഡിലും പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ രോഗികൾക്കൊപ്പം വരുന്ന കൂട്ടിരിപ്പുകാർ ഇരിക്കുന്ന സ്ഥലത്തും സ്ഥാപിക്കും. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.വൈ. മനോജ് നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരനും ആശുപത്രി സൂപ്രണ്ട് ഡോ. ആശാ വിജയനും ടി.വി കൈമാറി. ആർ.എം.ഒ ഡോ.ദീപക്‌കുമാർ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ എം.കെ. അജി, വി.കെ. രാജേഷ്, ജീവനക്കാരൻ വി.എം. മോഹൻരാജ്, ആശുപത്രി വികസന സമിതി അംഗം സജി ജോർജ് എന്നിവർ പങ്കെടുത്തു.
കുട്ടികളുടെ വാർഡും വാക്‌സിനേഷൻ ഏരിയയും ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്നു. കുട്ടികളുടെ വാർഡിന്റെ പെയിന്റിംഗ് ജോലികൾ ഡി.വൈ.എഫ്.ഐ ആവോലി മേഖലാ കമ്മിറ്റി പൂർത്തിയാക്കിയിരുന്നു. ഇവിടെ കാർട്ടൂൺ ചിത്രങ്ങൾ വരയ്ക്കുന്നതിന് മണ്ണത്തൂർ മൂകാംബിക കോളേജിലെ ബി.ഫാം വിദ്യാർത്ഥികൾ നേതൃത്വം നൽകും .