കൊച്ചി: നാളികേര വികസന ബോർഡിന്റെ ദേശീയ പുരസ്‌കാരങ്ങൾക്ക് ജൂലായ് 30വരെ അപേക്ഷ സമർപ്പിക്കാം. കേര മേഖലയിലെ മികവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡ് നാളികേരളവുമായി ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവാർഡിനുള്ള അപേക്ഷകളും നാമനിർദ്ദേശങ്ങളും ക്ഷണിച്ചിരിക്കുന്നത്.
നാളികേര കർഷകൻ, സംരംഭകൻ, ഗവേഷകൻ, നാളികേരാധിഷ്‌ഠിത കരകൗശല വിദഗ്ധൻ, നാളികേര ഉത്പന്ന കയറ്റുമതി വ്യവസായി, വിജ്ഞാന വ്യാപന പ്രവർത്തകൻ, തെങ്ങുകയറ്റ തൊഴിലാളി (പരമ്പരാഗത തൊഴിലാളി, തെങ്ങിന്റെ ചങ്ങാതി, നീര ടെക്‌നീഷ്യൻ) മികച്ച നാളികേര ഉത്പാദക ഫെഡറേഷൻ, വനിതകളുടെ നേതൃത്വത്തിലുള്ള നാളികേര സംസ്‌കരണ യൂണിറ്റ്, ബോർഡിന്റെ മികച്ച വിത്തുത്പാദന പ്രദർശനതോട്ടം തുടങ്ങി 23 വിഭാഗങ്ങളിലാണ് അവാർഡ്.
മികച്ച നാളികേര കർഷകനുള്ള അവാർഡിന് സംസ്ഥാന കൃഷിഹോർട്ടികൾച്ചർ ഡയറക്ടർമാർക്കാണ് നാമനിർദ്ദേശം അയയ്ക്കേണ്ടത്. മറ്റു വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ ചെയർമാൻ, നാളികേര വികസന ബോർഡ്, കൊച്ചി-11 വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷാ ഫോറവും വിശദാംശങ്ങളും ബോർഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും (www.coconutboard.nic.in) ) ലഭ്യമാണ്.