മൂവാറ്റുപുഴ: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുളവൂർ അർബൻ സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും ബോർഡ് അംഗങ്ങൾക്കുമെതിരെ അഴിമതി നിരോധന വകുപ്പുപ്രകാരം വിജിലൻസ് കേസെടുത്തു. 2 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്. അഴിമതി നിരോധന നിയമപ്രകാരം 7 വർഷം ശിക്ഷിക്കാവുന്ന വകുപ്പും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ജീവപര്യന്തം വരെ ശിക്ഷ വിധിക്കാവുന്ന വകുപ്പും ഉൾപ്പെടുത്തിയാണ് വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ഡോ. ബി കലാംപാഷ എഫ്.ഐ.ആർ. ഫയലിൽ സ്വീകരിച്ചു.

മുളവൂർ അർബൻ സഹകരണ സംഘം പ്രസിഡന്റ് പി.എം. അസീസ്, സംഘം സെക്രട്ടറി എം.എം. ഷക്കീർ, സംഘം ഭരണസമിതി അംഗങ്ങളായ ടി.കെ. അലിയാർ തടത്തികുന്നേൽ, എം.എ. എൽദോസ് ഇടപ്ലായിൽ, കെ.എം. മൈതീൻ കരിക്കനാക്കുടി, എം.ഐ. കുഞ്ഞുമൈതീൻ മേക്കപ്പടിക്കൽ, കെ.പി. ജെയിംസ് വെളിയന്നൂർ, കെ.പി. റഷീദ് കുറ്റിയക്കാചാലിൽ, എം.കെ. സുകുമാരൻ അമ്പാട്ടുമോളത്ത്, കലാദാസൻ ഒലിയപ്പുറത്ത്, മുംതാസ് ഷാജാൻ വട്ടക്കുടി, ഷമീന സലീം പുതുശേരികുടിയിൽ എന്നിവർക്കെതിരെയാണ് കേസ്.

സഹകരണ സംഘത്തിലെ മെമ്പറായ മുളവൂർ പുത്തൻപുരയിൽ പാണ്ടൻപാറ പി.ആർ. സുനിലാണ് ഹർജിക്കാരൻ. ത്വരിതാന്വേഷണ റിപ്പോർട്ടിൽ സംഘം പ്രസിഡന്റ് പി.എം. അസീസിനെതിരെയും ഭാര്യ ആമിന അസീസിനെതിരെയും വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പരാതിയിൽ അന്വേഷണ നടന്നുവരുന്നതേ ഉള്ളുവെന്നും ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് പിന്നീട് നൽകുമെന്നും പറഞ്ഞിട്ടുണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് പൊലീസ് ഇൻസ്‌പെക്ടർ വി. ഗോപകുമാറാണ് അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയത്.