കൊച്ചി : കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മംഗളവനത്തെ സംരക്ഷിക്കുന്നതിന് അന്തർദേശീയ കൺവെൻഷൻ സിറ്റി നഗരകേന്ദ്രത്തിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് മംഗളവനം സംരക്ഷണ സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.20 ഏക്കറോളം ഭൂമി വനാനുബന്ധ പ്രദേശമായി നിലനിൽക്കുന്നുണ്ട്. ഇതിൽ 17.9 ഏക്കർ സ്ഥലത്താണ് സർക്കാർ 3105 കോടി രൂപ മുതൽ മുടക്കിൽ കൺവെൻഷൻ സിറ്റി സ്ഥാപിക്കാൻഒരുങ്ങുന്നത് ഈ പദ്ധതി യാഥാർത്ഥ്യമായാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സംബന്ധിച്ച് പഠനങ്ങളൊന്നും നടത്തിയിട്ടില്ല. ഈ പദ്ധതി സർക്കാർ കൊച്ചി നഗരത്തിനുമേൽ അടിച്ചേൽപ്പിക്കുകയാണെന്ന് സംഘടന ചെയർമാൻ ജോർജ്ജ് കാട്ടുനിലത്ത് പറഞ്ഞു. കൺവെൻഷൻ സിറ്റി പദ്ധതി മംഗളവനത്തിന് സമീപത്ത് നിന്നും നഗരത്തിന്റെ കിഴക്ക് വടക്ക് മേഖലകളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനെ സംബന്ധിച്ച് ഞായറാഴ്ച വൈകീട്ട് 3.30ന് മംഗളവനത്തിൽ വച്ച് പഠനക്ലാസ് നടത്തും. പത്രസമ്മേളനത്തിൽ കൺവീനർ പി.എ.പ്രേംബാബു, പ്രൊഫ.എ.ജെ.പോളികാർപ് തുടങ്ങിയവർ പങ്കെടുത്തു.