തോപ്പുംപടി: പശ്ചിമകൊച്ചിയിലെ റോഡുകൾ തകർന്ന് തരിപ്പണമായിട്ടും കുഴികൾ മൂടാൻ പോലും തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിലെ സാമൂഹ്യ പ്രവർത്തകൻ കെ.കെ.റോഷൻ കുമാർ പെരുമ്പടപ്പിൽ നടുറോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, തോപ്പുംപടി, മരുന്ന് കട, കുമ്പളങ്ങി വഴി, മാരമ്പിളളി ക്ഷേത്രത്തിനു മുൻവശം, കൊവേന്ത ജംഗ്ഷൻ, കച്ചേരിപ്പടി, മട്ടാഞ്ചേരി ബസാർ റോഡ്, കുമാർ പമ്പ് മുതൽ കൂവപ്പാടം ജംഗ്ഷൻ വരെയുള്ള റോഡ്, കൊച്ചു പള്ളിറോഡ് തുടങ്ങിയ സ്ഥലങ്ങളിലെറോഡുകളാണ് തകർന്നു കിടക്കുന്നത്.റോഷൻ കുമാറിനെ പള്ളുരുത്തി പൊലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. ജോസ് ക്രിസ്റ്റഫർഉദ്ഘാടനം ചെയ്തു.അജാമളൻ, സുനിൽകുമാർ, ജോയ് കുപ്പക്കാട്ട് തുടങ്ങിയവർ സംബന്ധിച്ചു.ഇടക്കൊച്ചിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. കുമ്പളങ്ങി ഭാഗത്തും റോഡ് തകർന്നിരിക്കുകയാണ്. എട്ടുങ്കൽ, ബസാർ, പ്രിയദർശിനി ബസ് സ്റ്റോപ്പ് പരിസരങ്ങളിലും റോഡിൽ വൻ കുഴി​കളാണ് . റോഡ് നന്നാക്കാൻ പഞ്ചായത്തോ എം.എൽ.എ യോ മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.