കൊച്ചി : സ്വന്തം ചികിത്സയ്ക്ക് പണം കണ്ടെത്താൻ വിദ്യാർത്ഥിയുടെ പുരാവസ്തു പ്രദർശനം ഒബ്‌റോൺ മാളിൽ ഇന്നാരംഭിക്കും. ഞായറാഴ്ച്ച വരെയാണ് പ്രദർശനം. വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർചികിത്സയ്ക്ക് പണം കണ്ടെത്താനാണ് നിലമ്പൂർ ചന്തക്കുന്ന് സ്വദേശി റംഷീദ് പ്രദർശനം നടത്തുന്നത്.
പിതാവിന്റെ മരണശേഷം ഉമ്മയുടെ ഏകപ്രതീക്ഷയായ റംഷീദിന് പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. അതോടെ പഠനം നിലച്ചു. സുമനസുകളുടെ സഹകരണത്തോടെ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. തുടർപഠനത്തിനും ചികിത്സയ്ക്കും റംഷീദ് അമ്പതിലേറെ സ്‌കൂളിൽ പ്രദർശനം നടത്തി കഴിഞ്ഞു. റംഷീദിന്റെ പക്കൽ പുരാവസ്തുക്കളുടെ വളരെ വലിയ ശേഖരമുണ്ട്. വിധിയ്ക്ക് മുമ്പിൽ ജീവിതത്തെ വിട്ടുകൊടുക്കാതെ പോരാടുന്ന കൊച്ചുമിടുക്കൻ ജീവിതവഴിയിൽ വലിയ നേട്ടങ്ങളാണ് സ്വപ്നം കാണുന്നത്.
മാളിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പ്രദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മാൾ സെന്റർ മാനേജർ ജോജി ജോൺ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : 9539259404