road
തകർന്ന് തരിപ്പണായി കുണ്ടും കുഴിയുമായി കിടക്കുന്ന നഗരത്തിലെ ജനശക്തി റോഡ്

മൂവാറ്റുപുഴ: പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കേവലം രണ്ടര കിലോമീറ്റർ റോഡ് നന്നാക്കാതെ അധികാരികൾ നാട്ടുകാരെ വട്ടംകറക്കുന്നു. നഗരത്തിലെ തിരക്കും ജനസാന്ദ്രതയേറിയതുമായ തൃക്കയിലേക്ക് പോകുന്ന ജനശക്തി റോഡ് തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എം.സി റോഡിന് സമാന്തരമായി വെള്ളൂർക്കുന്നത്തുനിന്നാരംഭിച്ച് വാഴപ്പിള്ളി പുളിഞ്ചുവട് കവലയിൽ അവസാനിക്കുന്ന റോഡിനാണ് ഈ ദുസ്ഥിതി. മഴകൂടി കനത്തതോടെ റോഡിൽ പലേടത്തും കാൽനടയാത്രപോലും അസാദ്ധ്യമാിയ. കഴിഞ്ഞവർഷം ടാറിംഗ് നടത്തിയ റോഡാണിതെങ്കിലും നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകർത്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. നിരവധിപേർ പ്രഭാത, സായാഹ്ന സവാരി നടത്തുന്നതും ഇതിലെയാണ്. തൃക്ക ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ റോഡിന് സമീപത്താണ്. ഇവരെല്ലാം ദുരിതത്തിലാണ്. ഈ റോഡിന്റെ അറ്റകുറ്റപ്പണിക്കെതിരെ ചില ജനപ്രതിനിധികൾ നടത്തുന്ന രാഷ്ട്രീയകരുനീക്കങ്ങൾക്കെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

എം.സി.റോഡിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഇതുവഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കഴിഞ്ഞദിവസം കല്ലു കയറ്റിവന്ന ലോറി റോഡിൽതാഴ്ന്ന് ഗതാഗത തടസത്തിനിടയാക്കിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ജെസിബിയും ക്രെയിനമുപയോഗിച്ച് ലോറി റോഡിൽ നിന്ന് നീക്കിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

റോഡ് തകർച്ചയ്ക്ക് കാരണം

# നിരന്തരമായ പൈപ്പ് പൊട്ടൽ.

# അശാസ്ത്രീയമായ റോഡ് നിർമാണം

# മഴവെള്ളമൊഴുകാൻ ഓടയില്ല

# വെള്ളം റോഡിൽ കെട്ടി നിൽക്കുന്നു.

# പരാതി നൽകിയത് പാരയായി

റോഡിന്റെ അറ്റകുറ്റപ്പണി തീർത്ത് യാത്രാസൗകര്യം ഒരുക്കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകളുടേയും കോളനി നിവാസി കളുടേയും ആവശ്യം പരിഗണിച്ച നഗരസഭ റോഡ് ടൈൽ വിരിച്ച നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും തുക വകയിരുത്തുകയും ചെയ്തു. റോഡ് ഒരു വർഷം മുമ്പ് അറ്റകുറ്റപ്പണി ചെയ്താതാണെന്നും ഇപ്പോൾ ജനശക്തി റോഡിന് തുക അനുവദിക്കുന്നത് അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ചില ജനപ്രതിനിധികൾ പരാതി നൽകിയതോടെ റോഡ് നിർമ്മാണം സ്തംഭനത്തിലായതായി നാട്ടുകാർ പറയുന്നു.


വികസനത്തിൽ രാഷ്ട്രീയം വേണ്ട

നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന തൃക്ക - ജനശക്തി റോഡ് നവീകരിക്കുന്നതിന് നഗരസഭാ ഭരണക്കാർ ഏക മനസോടെ പ്രവർത്തിക്കണം. റോഡ് നവീകരണത്തിന് പദ്ധതി തയ്യാറായി വന്നപ്പോൾ അതിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ പരാതി നൽകിയത് ശരിയായ നടപടി അല്ല. നാടിന്റെ വികസന കാര്യത്തിൽ യോജിപ്പോടെ മുന്നോട്ടുപോകണം.

കെ.എം. ദിലീപ്,

പ്രദേശവാസി.