കൊച്ചി: ആഗസ്റ്റ് 25ന് നിശ്ചയിച്ചിരുന്ന കേരള ജുഡിഷ്യൽ സർവീസ് മെയിൻ പരീക്ഷയും ആൾ ഇന്ത്യ ബാർ പരീക്ഷയും മാറ്റി. ആഗസ്റ്റ് 24, 25 തീയതികളിലെ കേരള ജുഡിഷ്യൽ സർവീസ് മെയിൻ പരീക്ഷ ആഗസ്റ്റ് 31, സെപ്തംബർ ഒന്ന് തീയതികളിലേക്കും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകാൻ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആൾ ഇന്ത്യ ബാർ എക്സാം സെപ്തംബർ 15 ലേക്കുമാണ് മാറ്റിയത്.
ഇരു പരീക്ഷകളും ഒരു ദിവസം നടത്തുന്നത് രണ്ടിനും തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ജൂലായ് 20ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജുഡിഷ്യൽ സർവീസ് മെയിൻ പരീക്ഷ മാറ്റിവച്ചതെന്ന് ഹൈക്കോടതിയിലെ സബോർഡിനേറ്റ് രജിസ്ട്രാർ പി.ജി. അജിത് കുമാർ കേരളകൗമുദിയോടു പറഞ്ഞു.
ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ പരീക്ഷ നടത്തുന്ന അതേ ദിവസം ജുഡിഷ്യൽ സർവീസിലേക്കുള്ള പരീക്ഷ നടത്തുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസുൾപ്പെട്ട റിക്രൂട്ട്മെന്റ് കമ്മിറ്റി പരീക്ഷ മാറ്റിയത്.