കോലഞ്ചേരി: കാലിത്തീറ്റയുടെ വില വർദ്ധനവ് ക്ഷീര കർഷകരുടെ നടുവൊടിക്കുന്നു. മൂന്നു മാസത്തിനിടെ 300 രൂപ ഒരു ചാക്കിന്കൂടി. ഉല്പാദന ചിലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടു പെടുമ്പോഴാണ് ഇടിത്തീയായി വില ഉയർന്നത്. കാലാവസ്ഥ വ്യതിയാനങ്ങൾ പാലുല്പാദനത്തെ സാരമായി ബാധിച്ചിരിക്കവേയാണ് കാലിത്തീറ്റ വിലയും ഉയർന്നത്.
ഇപ്പോൾ ഒരു ചാക്കിന് 1180 രൂപയാണ് വില.
സാധാരണ കർഷകരെല്ലാം തന്നെ ബാങ്ക് ലോണെടുത്താണ് രംഗത്ത് പിടിച്ചു നില്ക്കുന്നത്. പലരുടെയും തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്.
ഒരു ലിറ്റർ പാല് അളന്നാൽ 33 രൂപ മുതൽ 36 വരെയാണ് കൊഴുപ്പിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നത്. ഈ വില വച്ച് മുന്നോട്ടു പോയാൽ ക്ഷീര കർഷകർ കളം വിടേണ്ടി വരും. 45 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതെ പിടിച്ചു നില്ക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്.
നേരത്തെ ചാണക വില്പനയിലൂടെയും കർഷകന് നല്ല വരുമാനം ലഭിച്ചിരുന്നു. റബർ വില ഇടിഞ്ഞതോടെ റബർ കർഷകരും ചാണകം ഉപയോഗിക്കുന്നില്ല. അതോടെ വില ലോഡൊന്നിന് 500ലെത്തി.
കേന്ദ്ര സർക്കാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സൗജന്യ ഇളവുകൾ നല്കി ക്ഷീര മേഖലയിലേയ്ക്ക് പുത്തനുണർവേകിയതോടെ ഒരു പാടു പേർ ഈ മേഖലയിലേയ്ക്ക് എത്തി. അതാണ് കാലിതീറ്റയ്ക്ക് ഡിമാൻഡുണ്ടാക്കിയത്. അസംസ്കൃത വസ്തുക്കൾക്കുണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്തെ ബാധിച്ചത്.
രാഷ്ട്രീയ ഗോകുൽ മിഷനിലൂടെ കന്നുകാലി വളർത്തൽ, സൗജന്യ കാലിത്തീറ്റ വിതരണവും ഉത്തരേന്ത്യയിൽ നടപ്പാക്കി കഴിഞ്ഞു. സംസ്ഥാനത്ത് എത്തുന്ന കാലിത്തീറ്റ വില ഇനിയും ഉയരുമെന്നാണ് സൂചനകൾ.
മൂന്നു മാസത്തിനിടെ കൂടിയ കാലിത്തീറ്റ വില സബ് സിഡിയായി നല്കി ക്ഷീര മേഖല പിടിച്ചു നിർത്തണം. അല്ലെങ്കിൽ പാൽ വില 50 രൂപയാക്കണം.
വി.എം ജോർജ്
ആപ്കോസ് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്