കൊച്ചി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെയും സഹകരണത്തോടെ ഗ്രീനിക്‌സ് വെഞ്ചേഴ്‌സും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമ്പയർ മറൈൻ ഇന്റർനാഷണലും ചേർന്ന് കൊച്ചിയിൽ 50 ഹൗസ് ബോട്ടുകൾ എത്തിക്കുന്നു. ആദ്യഘട്ടത്തിൽ ഒരു ഹൗസ് ബോട്ടും വിനോദ സഞ്ചാര കപ്പലും രണ്ട് സ്പീഡ് ബോട്ടുകളും സർവീസ് ആരംഭിക്കും.
ആദ്യ ഹൗസ് ബോട്ടിന്റെ ലോഞ്ചിംഗും ക്രൂയിസ് ടെർമിനലിന്റെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൊച്ചി മറൈൻഡ്രൈവിൽ നിർവ്വഹിച്ചു. ടൂറിസം രംഗത്തേക്ക് കടന്നുവരുന്ന എല്ലാ സംരംഭകർക്കും സർക്കാരിന്റെ പൂർണ സഹകരണം നൽകുമെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തെ തുടർന്ന് ടൂറിസം മേഖലയ്ക്ക് വലിയ ഉലച്ചിൽ സംഭവിച്ചിരുന്നെങ്കിലും സർക്കാരിന്റെ നയതന്ത്രപരമായ ഇടപെടലുകളിലൂടെ അതിവേഗം കേരളത്തിന് കരകയറാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഡി.ടി.പി.സിയുടെ പഴയ ക്രൂയിസ് ടെർമിനൽ നവീകരിച്ചാണ് ബോട്ട് സർവ്വീസ് ആരംഭിക്കുന്നത്. കൊച്ചിയിൽ ഒരു ബോട്ട് ഹബ്ബ് എന്ന ലക്ഷ്യമാണ് ഇതുവഴി യാഥാർത്ഥ്യമാകുന്നത്. തദ്ദേശവാസികൾക്ക് ബോട്ട് നിർമ്മിക്കാനും ബോട്ട് സവാരിയിൽ വീട്ടിൽ തയാർ ചെയ്ത നാടൻ രുചികൾ പരിചയപ്പെടുത്തി വീട്ടമ്മമാർക്കൊരു കൈത്താങ്ങാനും ഇതുവഴി ലക്ഷ്യമിടുന്നു. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി എൻ. പ്രശാന്ത്, സിനിമ താരം ധർമ്മജൻ ബോൾഗാട്ടി, വിവിധ ടൂറിസം ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.