തൃക്കാക്കര: നിരന്തരം അപകടങ്ങൾ നടക്കുന്ന കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ ചിൽഡ്രൻസ് ഹോമിന് മുൻപിലെ മീഡിയന്റെ വലത് ഭാഗത്തിലൂടെ വൺവേ തെറ്റിച്ച് കയറി വന്നവർക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. കേവലം 50 മീറ്റർ ലാഭിക്കുന്നതിന് വേണ്ടി വേലി ചാടി വൺവേ തെറ്റിച്ച് എതിരെ വരുന്ന വാഹനങ്ങൾക്കിടക്ക് കൂടി പെട്ടെന്ന് പ്രവേശിക്കുന്നത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വൺവേ തെറ്റിച്ച് കയറി വന്ന ബസും ടിപ്പർ വാഹനവും അടക്കം 40 വാഹനങ്ങൾക്കെതിരെ കേസ് എഴുതി പിഴ ഇടാക്കുകയും ട്രാഫിക് നിയമം തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴയോടൊപ്പം വൺവേ തെറ്റിച്ച് വരുന്നവരെ നിയന്ത്രിക്കുന്നതിന് മീഡിയൻ തുടങ്ങുന്ന ഭാഗത്ത് ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തു.
ട്രാഫിക് നിയന്ത്രിക്കുവാൻ നിന്ന എല്ലാവരും തന്നെ വൺവേ തെറ്റിച്ച് കയറി വരുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾ നേരിൽ ബോദ്ധ്യമായി ഇനി മേലിൽ ആവർത്തിക്കില്ല എന്ന് സ്വമനസ്സാലേ പ്രതിജ്ഞ എടുത്താണ് യാത്ര തുടർന്നത്.
എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഓ മനോജ് കുമാറിന്റെ നിർദ്ദേശാനുസരണം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാറും, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അനീഷ് കെ.എം, അബിൻ ഐസക് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.