കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുങ്ങിയ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ഹംസയുടെ തൊപ്പി തെറിച്ചേക്കും. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ആഭ്യന്തര വകുപ്പിന് കൈമാറി. ഡിവൈ.എസ്.പിയുടെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും നടന്ന റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളും കേസിനാസ്പദമായ കാര്യങ്ങളും അക്കമിട്ട് നിരത്തിയുള്ള റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ മുഖാന്തരമാണ് കൈമാറിയത്. ഹംസയെ അടിയന്തരമായി സർവീസിൽ നിന്നും മാറ്റി നിറുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥൻ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹംസ ഹാജരായിട്ടില്ല. ഇനി നോട്ടീസ് നൽകാനാണ് വിജിലൻസ് തീരുമാനം. എന്നിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങും. ഈ മാസം 11 നാണ് ഡിവൈ.എസ്.പി വി. ഹംസയുടെ തൃശൂരിലെ ഓഫീസിലും പാലക്കാട്ടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയത്. 9.19 ലക്ഷം രൂപയും 59 രേഖകളുമാണ് അന്ന് പിടിച്ചെടുത്തത്. തൃശൂരിലെ ഓഫീസിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് കഴിഞ്ഞ മാസം ഹംസയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് ഓഫീസറെന്ന നിലയിൽ ലഭിക്കുന്ന വരുമാനത്തെക്കാൾ 63.47 ശതമാനം അധിക വരുമാനം 2009-2019 കാലയളവിൽ ഹംസ നേടിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മാത്രമല്ല,റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഹംസ നടത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡിവൈ.എസ്.പി വി.ഹംസയുടെ ബന്ധുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും വിജിലൻസ് മൊഴി രേഖപ്പെടുത്തും. ഹംസയെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇത്. റെയ്ഡ് നടക്കുമ്പോൾ ചില വിവരങ്ങൾ വിജിലൻസ് ബന്ധുക്കളിൽ നിന്നും തേടിയിരുന്നു. സാമ്പത്തിക, ഭൂമി ഇടപാടുകളെ സംബന്ധിച്ചായിരിക്കും ഇവരിൽ നിന്ന് ചോദിച്ചറിയുക. അതേസമയം, ഹംസയുടെ ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ബന്ധുക്കളുടെ ബാങ്ക് രേഖകളും അന്വേഷണ സംഘം പരിശോധിക്കും.
പണവും രേഖകളും കണ്ടെടുത്തത് കിടക്കയ്ക്കുള്ളിൽ നിന്ന്
പുലർച്ചെ ആറ് മണിയോടെയാണ് വിജിലൻസ് പാലക്കാട്ടെ ഹംസയുടെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. അലമാരകൾ പരിശോധിച്ചെങ്കിലും പണമോ മറ്റ് രേഖകളോ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. തുടർന്ന് കിടപ്പുമുറിയിലെ ബെഡ് മാറ്റി പരിശോധിച്ചപ്പോഴാണ് പണവും രേഖകളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, കണ്ടെടുത്ത 9.65 ലക്ഷം രൂപ തങ്ങളുടേതാണെന്നു പറഞ്ഞ് ഹംസയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടയാളും ഒരു വനിതയും എത്തിയതുൾപ്പെടെയുള്ള നാടകീയ രംഗങ്ങളും പരിശോധനയ്ക്കിടെ ഉണ്ടായി. അതേസമയം, വിവരമറിഞ്ഞ് രാവിലെ തന്നെ ഹംസ വിജിലൻസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുകയും മകൻ ആശുപത്രിയിലാണെന്നും റെയ്ഡ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തുകയായിരുന്നു.
രേഖകൾ പരിശോധിക്കുന്നു
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ടെടുത്ത 59 രേഖകൾ പരിശോധിച്ച് വരികയാണ്. ഇതിന് കൂടുതൽ സമയം ആവശ്യമാണ്. മാത്രമല്ല, കേസിൽ ഹംസയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം എടുക്കും.
ടി.യു.സജീവ്, ഡിവൈ.എസ്.പി, വിജിലൻസ് സ്പെഷ്യൽ യൂണിറ്റ്