കൊച്ചി : നഗരത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനിലെ റോഡുകൾ മഴക്കാലമെത്തിയതോടെ കുളമായി മാറി. സിഗ്നൽ ജംഗ്ഷനിൽ നിന്ന് അരൂരിലേക്ക് പോകുന്ന ദേശീയ പാതയിൽ 200 മീറ്റർ ഭാഗം പൂർണ്ണമായി തകർന്നു. ശിവ സുബ്രഹ്മണ്യക്ഷേത്രത്തിന്റെ മുൻ ഭാഗത്ത് ദേശീയ പാതയിൽ സർവീസ് റോഡ് ആരംഭിക്കുന്നയിടത്ത് റോഡിൽ രണ്ട് മീറ്റർ വീതിയിലും അത്രതന്നെ താഴ്ചയിൽ കുളവും രൂപപ്പെട്ടതോടെ ഇവിടെ ഗതാഗതം താറുമാറായി. മെട്രോയുടെയും ഫ്ളെെ ഓവർ നിർമാണത്തിന്റെയും ഭാഗമായുള്ള ഗതാഗതക്കുരുക്കിന് പുറമെയാണ് കുളവും ചെളിവെള്ളവും കുരുക്കിനുമേൽ കുരുക്കാകുന്നത്. ഈ റോഡിൽ കൂടി കാൽനട യാത്രക്കാർക്കുപോലും കടന്നുപോകാനാവാത്ത അവസ്ഥയാണ്.
#റോഡായ റോഡൊക്കെ തകർച്ചയിൽ
സർവീസ് റോഡ്, തൈക്കൂടം ഭാഗത്തേക്കുള്ള ദേശീയപാത എന്നിവ പൂർണമായും തകർന്നുകിടക്കുകയാണ്. വൈറ്റില ജംഗ്ഷനിൽ ജല അതോറിട്ടി പൈപ്പിടാനായി കുഴിച്ചതിനാലാണ് ഇവിടെ റോഡുകൾ തകർന്നത്. പൊന്നുരുന്നി സുഭാഷ് ചന്ദ്രബോസ് റോഡും പൈപ്പിടാനായി കുത്തിപ്പൊളിച്ചതോടെ ഗതാഗതം താറുമാറായി.
#ഇവിടെയും കുളം തന്നെ
കുണ്ടന്നൂർ - വെെറ്റില റോഡ് തകർന്നുകിടക്കുന്ന തമ്മനം ഭാഗത്തുനിന്നും കടവന്ത്ര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൂടിയെത്തുന്നതോടെ ഇവിടെ സ്ഥിരം ഗതാഗതക്കുരുക്ക് മുറുകി . ഇതോടെ ഇവിടെയും കുളം രൂപപ്പെട്ടു.ഇത് നീണ്ട് സുഭാഷ് ചന്ദ്രബോസ് റോഡിൽ എത്തി നിൽക്കുന്നു. ഇടറോഡുകളിൽ വണ്ടികൾ തിരിച്ചുവിട്ടത് കാരണം വീടിനു പുറത്തിറങ്ങാൻ പോലുമാവില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
#ട്രിപ്പുകൾ മുടക്കി സ്വകാര്യ ബസുകൾ.
റോഡുകൾ തകർന്നതോടെ സർക്കുലർ ബസുകൾ സർവീസ് ട്രിപ്പുകൾ മുടക്കുന്നത് യാത്രക്കാർക്ക് തിരിച്ചടിയായി.മണിക്കൂറുകൾ ഗതാഗതത്തിരക്കിൽ കിടക്കുന്നതുകാരണം പ്രതിദിനം പന്ത്രണ്ട് ട്രിപ്പ് നടത്തിയിരുന്ന ബസുകൾ പകുതിയാക്കിക്കുറച്ചു. തകർന്ന റോഡുകളിൽക്കൂടിയുള്ള സർവീസ് നടത്തിയാൽ വൻതുക അറ്റകുറ്റപ്പണിക്ക് ചെലവഴിക്കേണ്ടിവരുമെന്നാണ് ബസുടമകൾ പറയുന്നത്.
#ആരോഗ്യഭീഷണിയും
തകർന്ന റോഡുകളിലെ പൊടിയും ചെളിയും മാലിന്യനിക്ഷേപങ്ങളും ജനങ്ങൾക്കും യാത്രക്കാർക്കും ബസുജീവനക്കാർക്കുമെല്ലാം വൻ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്.
#കണ്ണടച്ച് ദേശീയപ്പാത അതേറിട്ടിയും പി.ഡബ്ല്യു.ഡി യും
ദേശീയപ്പാതയിലെ തകർന്ന റോഡുകളും സർവീസ് റോഡുകളും നന്നാക്കുന്ന കാര്യത്തിൽ ദേശീയപ്പാത അതോറിട്ടിയും പി.ഡബ്ല്യു.ഡി യും കൊച്ചി കോർപ്പറേഷനുമെല്ലാം തികഞ്ഞ അലംഭാവത്തിലാണ്.